സ്വന്തം ലേഖകൻ
കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചതിന് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെ എൽഡിഎഫിലേക്ക് ക്ഷണിച്ചു.
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് യുഡിഎഫെന്നും ഘടകക്ഷികൾക്ക് രക്ഷപ്പെടണമെങ്കിൽ ഇപ്പോഴാണ് അവസരമെന്നും എം.വി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസാണ് യുഡിഎഫിലെ കക്ഷികളെ കടലിൽ മുക്കുന്നത്. ആ പാർട്ടികൾ തന്നെ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്. മുങ്ങി മരിക്കാതിരിക്കണമെങ്കിൽ രക്ഷപ്പെടുകയാണ് വേണ്ടത്.
ലീഗിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്നുണ്ടെന്നും എം.വി.ജയരാജൻ പറഞ്ഞു. ഇ.പി. ജയരാജൻ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെ എൽഡിഎഫിലേക്ക് ക്ഷണിച്ചതിനെതിരേ സിപിഐ ഉൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു.
തുടർന്ന്, എൽഡിഎഫ് യോഗത്തിലും ഇ.പിക്കെതിരേ വിമർശനം ഉണ്ടായിരുന്നു.
ലീഗിനെ ക്ഷണിച്ചെന്ന പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെ ക്ഷണിച്ച് എം.വി. ജയരാജൻ രംഗത്ത് വന്നിട്ടുള്ളത്.