കണ്ണൂർ: സമൂഹ മാധ്യമങ്ങളിലെ സജീവ ഇടതുപക്ഷ ഗ്രൂപ്പുകളായ പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ എന്നിങ്ങനെയുള്ളവയെ സംശയിക്കേണ്ടിയിരിക്കുന്നെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.വി. ജയരാജൻ.
ഇത്തരം ഗ്രൂപ്പുകളെ ചിലർ വിലയ്ക്കു വാങ്ങി ഇടതുപക്ഷത്തിനെതിരേയുള്ള ആയുധമാക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം.വി. ജയരാജൻ പറഞ്ഞു. ചെറുപ്പക്കാർ സമൂഹ മാധ്യമങ്ങിൽ കൂടുതൽ സമയം ചെലവഴിച്ചതും അതു മാത്രം വിശ്വസിച്ചതുമാണ് തെരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കിയ ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിനു പുറമേ പാർട്ടി കേന്ദ്രങ്ങളിലെ വോട്ടു ചോർച്ചയുടെയും പശ്ചാത്തലത്തിലാണ് എം.വി. ജയരാജൻ ഈ ഒരു പരാമർശം നടത്തിയത്.” സമൂഹ മാധ്യമങ്ങളിൽ മാത്രം സജീവമാകുന്ന പ്രവണത ചെറുപ്പക്കാർക്കിടയിൽ വർധിച്ചിട്ടുണ്ട്. അതിന്റെ ദുരന്തം ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായി.
പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ എന്നിങ്ങനെ പ്രത്യക്ഷത്തിൽ ഇടത്പക്ഷമെന്ന് നമ്മൾ കരുതുന്ന പലഗ്രൂപ്പുകളെയും നമ്മൾ പലരും അന്ധമായി ആശ്രയിക്കുന്ന പ്രവണതയുണ്ട്. എന്നാൽ ഇത്തരം ഗ്രൂപ്പുകൾ പലതുംവിലക്ക് വാങ്ങപ്പെട്ടവയാണ്. ആദ്യഘട്ടത്തിൽ ഇടത് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടവയിൽ നിന്ന് പിന്നീട് അവ കുറയുകയും ക്രമേണ സിപിഎം, ഇടത് വിരുദ്ധ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
പാർട്ടിക്കെതിരെയുള്ള ചിന്ത രൂപപ്പെടുത്താൻ ഇവർ ഇത്തരം ഗ്രൂപ്പുകളെ സമർഥമായി ഉപയോഗപ്പെടുത്തി, ഇക്കാര്യം പ്രവർത്തകരും അനുഭാവികളും മനസിലാക്കണം. ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നത് ചിലപ്പോൾ ഒരാൾ മാത്രമാകാം. അവരെ എതിരാളികൾ വിലക്ക് വാങ്ങി ഇടത് പക്ഷത്തിനെതിരെ ഉപയോഗപ്പെടുത്തുന്നുണ്ട്.. ഇത് പുതിയ കാലത്തിന്റെ വെല്ലുവിളിയാണെന്നും’ എം.വി. ജയരാജൻ പറഞ്ഞു.