കോവളം : കോവളത്ത് ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ അമേരിക്കൻ സ്വദേശിയായ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവളം പീകോക്ക് റോഡിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്ന ഇർവിൻ ഫോക്സ്(80) നെയാണ് ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോട്ടൽ ജീവനക്കാരാണ് ഇദ്ദേഹത്തെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തെ തിരികെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അധികൃതർ അമേരിക്കൻ എംബസിയുമായി ബന്ധപ്പെടും.
കൊല്ലം വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ ഇയാൾ കഴിഞ്ഞ മാർച്ച് മുതൽ കോവളത്ത് താമസിച്ച് വരികയായിരുന്നു.
പ്രായാധിക്യം കൊണ്ട് കിടപ്പിലായ ഇയാൾക്ക് വിദേശിയായ സഹായി ഉണ്ടായിരുന്നുവെങ്കിലും സഹായി ശ്രീലങ്കയിലേക്ക് പോയതോടെ ഇയാൾ ഒറ്റയ്ക്കാകുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി പൂർണമായും കിടപ്പിലായ വയോധികന് ആഹാരവും മരുന്നും നൽകാൻ പോലും ആരും ഇല്ലാത്ത അവസ്ഥയായിരുന്നു.
ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച കോവളം പോലീസ് സ്റ്റേഷനിൽ നിന്നും ബീറ്റിനെത്തിയ ടി.ബിജു, പ്രീതാലക്ഷ്മി എന്നിവരാണ് അമേരിക്കൻ വയോധികന്റെ ദുരിതാവസ്ഥ കണ്ടത്.
തുടർന്ന് വിഴിഞ്ഞം സിഎച്ച്എസ്സി മുഖേന പാലിയം ഇന്ത്യയുടെ സേവനം ലഭ്യമാക്കി. ഇന്നലെ വൈകുന്നേരത്തോടെ എത്തിയ പാലിയം സംഘമാണ് വയോധികനെ ഉറുന്പരിച്ച നിലയിൽ കണ്ടെത്തിയത്.
വിദേശി താമസിച്ചിരുന്ന ലോഡ്ജുടമയ്ക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങുകയാണ് കോവളം പോലീസ്.