കോട്ടയം: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാമറയുടെ കണ്ണുവെട്ടിക്കാൻ ഒരു കോടി രൂപയുടെ കാറിന്റെ നന്പർ പ്ലേറ്റിൽ സ്റ്റിക്കർ ഒട്ടിച്ച് വന്ന വിരുതനെ പാലാ ഹൈവേ പോലീസ് പിടികൂടി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
രാത്രി 11നു തൊടുപുഴ റൂട്ടിൽ അതിവേഗതയിൽ ഒരു ടൊയോട്ട വെൽഫയർ കാർ വരുന്നതു കണ്ടാണ് പാലാ ഹൈവേ പോലീസ് കൈ നീട്ടിയത്.
നിർത്തിയ വണ്ടി വിശദമായി പരിശോധിക്കവേ യഥാർഥ നന്പർപ്ലേറ്റിന് മുകളിൽ മറ്റൊരു നന്പർ സ്റ്റിക്കറായി ഒട്ടിച്ചിരിക്കുന്നത് കണ്ടു. വണ്ടിയുടെ ബാക്കി രേഖകളെല്ലാം കൃത്യമായിരുന്നു.
എന്താണ് നന്പർപ്ലേറ്റ് മറയ്ക്കാൻ കാരണമെന്ന് ഉടമയോട് ചോദിച്ചപ്പോഴാണ് സത്യം വെളിച്ചത്തുവന്നത്.അമിതവേഗതയിൽ വണ്ടിയോടിച്ച് പോകുന്പോൾ പുതുതായി സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാമറയിൽ കുടുങ്ങാതിരിക്കാൻ കാണിച്ച ‘നന്പർ’ ആയിരുന്നു ഇതെന്ന ഉടമയുടെ വെളിപ്പെടുത്തൽ പോലീസിനെയും ഞെട്ടിച്ചു.
തൊടുപുഴയിൽനിന്നു തിരുവനന്തപുരത്തേക്ക് പോവുകയാണെന്നായിരുന്നു കാറുടമയുടെ മറുപടി. പിന്നീട് പരിശോധിച്ചപ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായും തെളിഞ്ഞു.
മലപ്പുറത്തുനിന്നാണ് തൊടുപുഴ സ്വദേശി വണ്ടി വാങ്ങിയത്. വണ്ടിയുടെ ബാക്കി രേഖകളെല്ലാം ശരിയായിരുന്നതിനാൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പെറ്റിക്കേസെടുത്ത് പോലീസ് ഇയാളെ പറഞ്ഞയച്ചു.
വാഹനത്തിന്റെ നന്പർ പ്ലേറ്റിന് മുകളിൽ ഒട്ടിച്ചിരുന്ന സ്റ്റിക്കറും കീറി കളയിപ്പിച്ചു.ആർട്ടിഫിഷ്യൽ കാമറയുടെ പ്രവർത്തനം ആരംഭിച്ചയുടൻതന്നെ കാമറയുടെ കണ്ണ് വെട്ടിക്കാനുള്ള തന്ത്രവുമായി കോടീശ്വരൻമാർപോലും രംഗത്തിറങ്ങി എന്നതാണ് ഏറെ വിചിത്രം.