സ്വന്തം ലേഖകന്‍
കോഴിക്കേറ്റ്: രൂപമാറ്റം വരുത്തിയ ടൂറിസ്റ്റ് ബസുകള്‍ നടപടി ഭയന്ന് പുറത്തിറക്കാത്ത സാഹചര്യത്തില്‍ വര്ക്കുഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്.
വീടുകളിലും സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും നിര്‍ത്തിയിട്ട ബസുകള്‍ കണ്ടെത്താന്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലെത്തി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വടക്കഞ്ചേരി അപകടത്തെ തുടര്‍ന്ന് നടപടി കടുപ്പിച്ചപ്പോള്‍ മിക്ക ടൂറിസ്റ്റ് ബസുകളും റോഡില്‍ നിന്ന് ഉള്‍വലിഞ്ഞിരിക്കുകയാണ്.
ബസുടമകൾ തിരക്കിൽ!
വര്ക്ക്ഷോപ്പുകളിലെത്തി അധിക ഫിറ്റിംഗുകള്‍ അഴിച്ചു മാറ്റുന്ന തിരക്കിലാണ് ബസുടമകള്‍. പിഴയും മറ്റ് നടപടികളും വരുമെന്നതിനാല്‍ തത്കാലം സര്‍വീസ് നിര്‍ത്തിവച്ച ടൂറിസ്റ്റ് കമ്പനികളും ഉണ്ട്.
വടക്കഞ്ചേരി അപകടത്തിനുശേഷം റോഡില്‍ നിറയെ പരിശോധനയാണ്. മോട്ടോര്‍ വാഹന വകുപ്പും പോലീസും സടകുടഞ്ഞെണിറ്റു.
ടൂറിസ്റ്റ് ബസുകളെല്ലാം റോഡില്‍ തടഞ്ഞിട്ടു വിശദമായ പരിശോധനയാണ്. നിയമലംഘനം നടന്നവയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യുന്നുണ്ട്. ഈ സാചര്യത്തിലാണ് ടൂറിസ്റ്റ് ബസുകള്‍ റോഡിലിറക്കാതെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
നിറവും രൂപവും മാറ്റി!
വടക്കഞ്ചേരി അപകടം ടൂറിസ്റ്റ് ബസ് വ്യവസായത്തിനു തന്നെ കനത്ത തിരിച്ചടിയാണ് വരുത്തിയിട്ടുള്ളത്. പൊതു സമൂഹത്തില്‍ നിന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉണര്‍ന്നത്.
ബസുകളിലെ രൂപമാറ്റവും അനധികൃത സംവിധാനങ്ങളും കണ്ടില്ലെന്ന നിലപാടിലായിരുന്നു വകുപ്പ്. ടൂറിസ്റ്റ് സര്‍വീസ് നടത്തുന്നവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങിയാണ് നിയമവിരുദ്ധ പ്രര്‍ത്തനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ച നിറമല്ല മിക്ക ബസുകള്ക്കുമുള്ളത്. ആളുകളുടെ ശ്രദ്ധ പ്രത്യേകം ആകര്‍ഷിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളും കടും നിറവുമെല്ലാമാണ് ബസുകള്‍ക്കുള്ളത്.
ബോഡി നിറയെ ഇല്യൂമിനേഷന്‍ ലൈറ്റുകള്‍. അകത്ത് കാതടപ്പിക്കുന്ന ശബ്ദ സംവിധാനം.
ഡിജെ പാര്‍ട്ടി ലൈറ്റുകള്‍
ഡാന്‍സിന് നിറം പകരാന്‍ ഡിജെ പാര്‍ട്ടി ലൈറ്റുകള്‍. യാത്രക്കാര്‍ പാട്ടും ഡാന്‍സുമായി ആഘോഷം തിമിര്‍ക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്കു വാഹനം ഓടിക്കാന്‍ കഴിയാത്ത സാഹചര്യം.അവരുടെ മനസ് അറിയാതെ പാട്ടിലും ഡാന്‍സിലും നീങ്ങുന്നതോടെ അപകടം മുന്നിലെത്തുന്നു.
ഒരാഴ്ച കഴി്്ഞാൽ…?
രാത്രി സര്‍വീസ് നടത്തുമ്പോള്‍ ഉറക്കം വരാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഹാന്‍സ് പോലെയുള്ള വസ്തുക്കള്‍ കവിളിലേക്ക് തിരുകി കയറ്റി അതിന്റെ ആലസ്യത്തില്‍ വാഹനമോടിക്കുന്നവര്‍ ഏറെയുണ്ട്. ഉദ്യോഗസ്ഥര്‍ക്കം ഇക്കാര്യം അറിയാം.
എന്നാല്‍ കടുത്ത നടപടിയൊന്നും ഇത്തരക്കാര്‍ക്കെതിരെ സ്വീകരിച്ചിരുന്നില്ല. ഇത്തരത്തില്‍ അനധികൃതമായ സംവിധാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ കൂട്ടു നിന്നതാണ് വടക്കഞ്ചേരി സംഭവത്തിലേക്ക് നയിച്ചത്.
ഇപ്പോള്‍ നടത്തുന്ന ജഗപൊഗ പരിശോധനകള്‍ ഒരാഴ്ചയേ ഉണ്ടാവുകയുള്ളൂവെന്ന് ടൂറിസ്റ്റ് ബസുകാര്ക്കറിയാം. അതു കഴിഞ്ഞാല്‍ പഴയ സ്ഥിതി വരും. അതുവരെ തത്കാലത്തേക്ക് ഫീല്‍ഡില്‍ നിന്നു മാറി നില്‍ക്കുകയാണ് ബസുകള്‍.