ഗതാഗത നിയമം ലംഘിക്കുന്നവർ എഐ കാമറയെ പറ്റിക്കാൻ പല അടവുകളും പയറ്റാറുണ്ട്. ഈ സംഭവങ്ങളൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്.
സഹയാത്രികന്റെ കോട്ടിൽ തലയിട്ടിരുന്ന് യാത്ര ചെയ്താണ് എഐ കാമറയെ പറ്റിക്കാൻ ശ്രമിച്ചത്. ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തയാൾ എഐ കാമറയെ കബളിപ്പിക്കാൻ കാണിച്ച ബുദ്ധിപരമായ നീക്കം സോഷ്യൽ മീഡിയയിൽ മോട്ടോർ വാഹന വകുപ്പ് തന്നെയാണ് പങ്കിട്ടിരിക്കുന്നത്.
ബൈക്ക് ഓടിക്കുന്ന കൂട്ടുകാരന്റെ കോട്ടിനകത്ത് തലയും ഉടലും ഒളിപ്പിച്ചായിരുന്നു ഹെൽമറ്റ് ധരിക്കാത്തത് കാമറയിൽ പതിയാതിരിക്കാൻ യാത്ര ചെയ്തത്. എന്നാൽ ഐ ഐ കാമറയുടെ കണ്ണിൽ പുറത്തു കണ്ട കാലുകൾ പതിഞ്ഞു.
തുടർന്ന് എട്ടിന്റെ പണിയാണ് ഇയാൾക്ക് ലഭിച്ചത്. ബൈക്ക് ഉടമയ്ക്ക് പിഴയടക്കാൻ നോട്ടീസും അയച്ച്, മോട്ടോർ വാഹന വകുപ്പ് തന്നെ സംഭവം ഫേസ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടു.
പോസ്റ്റിന്റെ പൂർണരൂപം
പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ. തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരൻ്റെ ജാക്കറ്റിനകത്ത് തല മൂടി പോയാതാണ് . അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല. പക്ഷേ കാമറ വിട്ടില്ല. കാലിൻ്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു. കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിൻ്റെ എണ്ണമെടുത്തത്. തല കുറച്ച് കാറ്റ് കൊള്ളട്ടെ. അല്പം വെളിവ് വരാൻ അതല്ലേ നല്ലത്?