സീമ മോഹന്‍ലാല്‍
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിലെ ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (ജോ. ആര്‍ടിഒ) തസ്തികയ്ക്ക് യോഗ്യത നിര്‍ണയം സര്‍ക്കാര്‍ പരിഗണനയില്‍.
നിലവില്‍ ജോ. ആര്‍ടിഒ തസ്തികയിലേക്കു സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത മിനിസ്റ്റീരിയല്‍ വിഭാഗത്തിലുള്ള സീനിയര്‍ സൂപ്രണ്ട് ട്രാന്‍സ്പോര്‍ട്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥാനക്കയറ്റം നേടുന്നത് ശരിയല്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തസ്തികയിലേക്ക് യോഗ്യത നിശ്ചയിക്കാനൊരുങ്ങുന്നത്.
ഈ നടപടി മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യേകിച്ച് സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള മേഖലകളെ ബാധിക്കുന്നുവെന്നും അതിനാല്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍നിന്നും സ്ഥാനക്കയറ്റത്തിന് പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നും കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് ആവശ്യം ഉന്നയിച്ചിരുന്നു.
റോഡ് സുരക്ഷ കമ്മിറ്റിയുടെ 2019 ജൂലൈ 12-ലെ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുകളിലെ മധ്യനിര ഓഫീസര്‍മാര്‍ക്ക് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍, അസി. റീജിണല്‍ ട്രാസന്സ്പോര്ട്ട് ഓഫീസര്‍മാര്‍, ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് സാങ്കേതിക പരിജ്ഞാനം വേണമെന്ന് സുപ്രീംകോടതി വിധിയുണ്ടായിരുന്നു.
കൂടാതെ ജോ. ആര്‍ടിഒ തസ്തികയിലേക്ക് എസ്സി/എസ്ടി വിഭാഗത്തില്‍നിന്നും സ്പെഷല്‍ റിക്രൂട്ട്മെന്റ് വഴി നേരിട്ടുള്ള നിയമനത്തിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികയ്ക്ക് ആവശ്യമായ സാങ്കേതിക യോഗ്യത നിശ്ചയിച്ചിട്ടുമുണ്ട്.
ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എൻജിനീയറിംഗ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ നേടി ഒരു വര്‍ഷത്തെ വര്‍ക്ക്ഷോപ്പ് പ്രവൃത്തി പരിചയം, മോട്ടോര്‍ സൈക്കിള്‍, ലൈറ്റ്, ഹെവി വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് എന്നീ യോഗ്യതയും ശാരീരിക യോഗ്യതയും ഉള്ളവര്‍ പിഎസ്സി പരീക്ഷയിലൂടെയാണ് സബ് ഇന്‍സ്പക്ടര്‍ റാങ്കിലുള്ള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി കയറുന്നത്.
മൂന്നു മാസത്തെ പോലീസ് ട്രെയിനിംഗും പിന്നീട് ഓഫീസ് ട്രെയിനിംഗിനും ശേഷമാണ് യൂണിഫോം ധരിക്കുന്നതും ടെക്നിക്കല്‍ സ്വഭാവുള്ള ജോലികള്‍ ചെയ്യുന്നതും. കൂടാതെ, അക്കൗണ്ട് ടെസ്റ്റ്, എംവി ആക്ട്, സിആര്‍പിസി തുടങ്ങിയ പരീക്ഷകള്‍ പാസായാല്‍ മാത്രമേ ഏകദേശം പത്തു വര്‍ഷത്തിനു ശേഷം എംവിഐ ആകാന്‍ പറ്റൂ.
എംവിഐമാരില്‍ നിന്നാണ് ജോ. ആര്‍ടിഒമാരെ നിയമിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റാണ് ക്ലര്‍ക്കായി ചേര്‍ന്ന് സീനിയര്‍ സൂപ്രണ്ട് ആകുന്ന ആളിന് 2:1 എന്ന അനുപാതത്തില്‍ പ്രൊമോഷന് നല്‍കുന്നത്.
സാങ്കേതിക യോഗ്യതയില്ലാത്ത ജോ. ആര്‍ടിഒമാര്‍ ജോലി ചെയ്യുന്ന ഓഫീസുകളില്‍ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് സാങ്കേതിക യോഗ്യതയുള്ള ജോ. ആര്‍ടിഒമാര്‍ മറ്റ് ഓഫീസുകളില്‍ നിന്നു വന്നു ടെസ്റ്റ് നടത്തുന്ന സ്ഥിതി വിശേഷം ഇന്നുണ്ട്. ഇതുമൂലം ഇരു ഓഫീസുകളിലെയും സേവനങ്ങള്‍ യഥാസമയം പൊതുജനങ്ങള്‍ക്ക് നല്‍കാനും സാധിക്കുന്നില്ല.