തൊടുപുഴ: വാഹനങ്ങളിൽ അതി തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ച് എതിരേ വരുന്ന വാഹന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നവരെ പിടികൂടാൻ ജില്ലയിലും നടപടി തുടങ്ങി.
എതിരേ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേക്ക് തുളച്ചുകയറുന്ന വിധത്തിലുള്ള തീവ്രശേഷിയുള്ള ലൈറ്റുകളുമായി ചീറിപ്പായുന്നവരെ കുടുക്കാൻ ലക്സ് മീറ്റർ ഉപയോഗിച്ചുള്ള പരിശോധന അടുത്ത ദിവസം മുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.
വാഹനങ്ങളിൽ നിർമാണ വേളയിൽ ഘടിപ്പിക്കുന്ന ബൾബുകൾ മാറ്റി അമിതപ്രകാശമുള്ളത് ഘടിപ്പിക്കുന്നതുമൂലം അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണു പരിശോധന കർശനമാക്കുന്നത്.
രാത്രിയാത്രയിൽ ലൈറ്റ് ഡിം ചെയ്യാത്തവർക്കെതിരേയും നടപടിയുണ്ടാകും.
തീവ്രവെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താൻ മോട്ടോർവാഹന വകുപ്പ് ഉപയോഗിക്കുന്ന ഉപകരണമാണ് ലക്സ് മീറ്റർ.
ജില്ലയിൽ ഇന്റർസെപ്ടർ വാഹനത്തിൽ പരിശോധന നടത്തുന്ന സ്ക്വാഡിനാണ് മെഷീൻ നൽകിയിട്ടുള്ളത്.
ജില്ലയിൽ നിലവിൽ ഒരു ഇന്റർസെപ്ടർ വാഹനം മാത്രമാണുള്ളത്. ഈ സ്ക്വാഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സബ് ആർടി ഓഫിസ് പരിധികളിലും പരിശോധനയുണ്ടാകും.
എന്നാൽ ഒരു വാഹനം ഉപയോഗിച്ച് ജില്ലയിൽ മുഴുവൻ പരിശോധന നടത്തുകയെന്നത് മോട്ടോർവാഹന വകുപ്പിന് വെല്ലുവിളിയാകും.
മലയോര മേഖലയിലെ റോഡുകളിൽ തീവ്രപ്രകാശമുള്ള വാഹനങ്ങൾ കൂടുതലായി സഞ്ചരിക്കുന്നുണ്ട്.
പ്രത്യേകിച്ച് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് ഇത്തരം വാഹനങ്ങൾ കൂടുതലായി എത്തുന്നത്.
ജില്ലയിൽ ബൈക്കുകളുൾപ്പെടെയാണ് അതി തീവ്ര പ്രകാശമുള്ള ബൾബുകൾ ഘടിപ്പിച്ചു പായുന്നത്.
രാത്രികാല വാഹനാപകടങ്ങളിൽ നല്ലൊരു പങ്കും അതിതീവ്ര വെളിച്ചം കണ്ണിൽതട്ടുന്നതു മൂലമാണെന്ന പരാതി വ്യാപകമാണ്.
എതിരെവരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ഉയർന്ന പ്രകാശത്തിൽ കാഴ്ച മങ്ങുന്നത് അപകടത്തിനിടയാക്കും. രാത്രി എതിർദിശയിൽ വാഹനം വരുന്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണു നിയമം.
എന്നാൽ വാഹനമോടിക്കുന്നവരിൽ പലരും ഇതു പാലിക്കാത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നു.