കോഴിക്കോട്: വാഹനവുമായും ഡ്രൈവിംഗ് ലൈസൻസുമായും ബന്ധപ്പെട്ടു വിവിധ സർവീസുകൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോഴും ഈ ചെല്ലാൻ (E chellan) പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടയ്ക്കുമ്പോഴും പൊതുജനങ്ങളെ കബളിപ്പിക്കുന്ന രീതിയിൽ സമാനമായ പേരുകളുള്ള വെബ്സൈറ്റുകൾ വഴി തട്ടിപ്പ് നടത്തുന്നതായി ആക്ഷേപം.
പരാതികള്‍ വ്യാപകമായതോടെ ഇതേക്കുറിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
പരിവാഹൻ സേവ ( PARIVAHAN SEWA) എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ഈ ചെല്ലാൻ നോട്ടീസിൽ ലഭ്യമായിട്ടുള്ള ക്യു ആര് കോഡ് സ്കാൻ ചെയ്തോ മാത്രം ചെല്ലാനുകളുടെ പിഴ അടയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും സമാനമായ പേരുകളിലുള്ള മറ്റ് സൈറ്റുകൾ മുഖാന്തിരം കബളിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പാലിക്കണമെന്നും എംവിഡി ഓര്‍മിപ്പിച്ചു.
മമ്മൂട്ടിയുടെ അണ്ണന് തമ്പി സിനിമയിലെ അപ്പു, അച്ചു എന്നീ കഥാപാത്രങ്ങളെ ഓര്‍മപ്പെടുത്തി ക്കൊണ്ടാണ് മുന്നറിയിപ്പ്.
അതേസമയം, കേരളത്തില്‍ എം-പരിവാഹന്‍ മൊബൈല്‍ ആപ്പ് വഴി ആര്‍സി സംബന്ധമായി ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് കേരളാ മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എം-പരിവാഹൻ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഏതെല്ലാം സേവനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നതും ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും വഞ്ചിതരാകാതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.
എഐ കാമറ വന്നതോടെ പിഴ അടയ്ക്കുന്നതിനായി നിരവധിപേരാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുന്നത്. ഇത് മുതലെടുത്താണ് വ്യാജ സൈറ്റുകളും തലപൊക്കിയിരിക്കുന്നത്.