കണ്ണൂർ: റൂട്ട് പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും സർവീസ് നടത്തിയ ബസ് കണ്ടെത്തിയിട്ടും കേവലം പിഴയിലൊതുക്കി സർവീസ് തുടരാൻ അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്.
കോഴിക്കോട്-കാസർഗോഡ് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് പെർമിറ്റില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത്. മൂന്നു ജില്ലകളിലൂടെ സർവീസ് നടത്തുന്ന ഈ ബസിന്റെ പെർമിറ്റ് കഴിഞ്ഞ മാർച്ച് ഒൻപതിന് കഴിഞ്ഞതാണെങ്കിലും പുതുക്കാതെ സർവീസ് തുടരുകയായിരുന്നു.
ഇതിനുമുന്പ് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ മൂന്നു തവണ ഗുരുതരമായ നിയമലംഘനം കണ്ടെത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല.
ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധയിലും ഈ ബസ് കുടുങ്ങിയിരുന്നു. എന്നാൽ 15,000 രൂപ പിഴ ഈടാക്കി എല്ലാ നിയമങ്ങളും മറികടന്ന് ഓടാൻ അനുവദിക്കുകയായിരുന്നു.
പെർമിറ്റ് കാലാവധി കഴിഞ്ഞ വാഹനം സർവീസ് നടത്തുന്നതിനിടെ അപകടങ്ങൾ സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ പോലും ലഭിക്കില്ലെന്നിരിക്കെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നെ എല്ലാ നിയമങ്ങളും ലംഘിച്ച് നടപടി പിഴയിലൊതുക്കിയത്.