കോഴിക്കോട്: ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുകയല്ലേ…എന്നാല്പിന്നെ അതുമായി ബന്ധപ്പെട്ട ബോധവത്കരണമാണെങ്കില്‍ നല്ല റീച്ച് കിട്ടും.അതെ ഇത്തവണ മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ ബോധവല്കരണ പോസ്റ്റാണ് വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസിന്റെ പുറത്താകൽ.
മാത്യൂസിന്റെ ഹെൽമറ്റിന്റെ വള്ളിപൊട്ടിയതായിരുന്നു പുറത്താകലിലേക്ക് വഴിതെളിച്ചത്. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു താരം ടൈംഡ് ഔട്ടായി പുറത്തായി എന്നതായിരുന്നു ഇതിന്റെ പ്രത്യേകത.
ഇതിനെ ഹെൽമറ്റ് ബോധവത്കരണത്തിന് ഉപയോഗിച്ചിരിക്കുകയാണ് കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും (എംവിഡി) ഡൽഹി പോലീസും.
ഹെൽമറ്റ് മരണത്തിൽനിന്ന് നിങ്ങളെ രക്ഷിക്കുമെന്ന രീതിയിലായിരുന്നു ഡൽഹി പോലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റർ. ‘ഒരു മികച്ച ഹെൽമറ്റിന് നിങ്ങളെ ടൈംഡ് ഔട്ട് ആകുന്നതിൽനിന്ന് സംരക്ഷിക്കാൻ കഴിയും’ എന്നായിരുന്നു മാത്യൂസ് ഹെൽമറ്റ് പിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം കുറിച്ചത്.
തൊട്ടുപിന്നാലെ കേരള എംവിഡിയും ബോധവത്കരണവുമായി എത്തി. ‘കളിയായാലും ജീവിതമായാലും ഹെൽമറ്റ് നന്നല്ലെങ്കിൽ ഔട്ടാകും’ എന്ന വാചകങ്ങളോടെയായിരുന്നു മാത്യൂസിന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള പോസ്റ്റർ.
ഒരു കളിയിൽ ഔട്ടായാലും മറ്റൊരു കളിയിൽ അവസരം ലഭിച്ചേക്കും. എന്നാൽ, ജീവിതത്തിൽ രണ്ടാമതൊരു അവസരമില്ലെന്നോർക്കുകയെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.