ചാത്തന്നൂർ: ഇന്ന് മുതല്‍ വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എംവിഡി). വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ പ്രധാനമായും പരിശോധിക്കും. എല്‍ഇഡി ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കും പൂട്ടു വീഴും.
സ്പീഡ് ഗവർണർ അഴിച്ച വാഹനങ്ങള്‍ പിടികൂടുന്ന സ്ഥലത്ത് വെച്ച് തന്നെ ശരിയാക്കിയിട്ടേ വിട്ടുകൊടുക്കുകയുള്ളൂ. നമ്പർപ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളും പിടികൂടും.
കൂടാതെ വാഹനമോടിച്ച് അപകടം വരുത്തിയതിന് സസ്പെൻഷൻ കിട്ടിയ ഡ്രൈവർമാർക്ക് ഇനി മുതല്‍ ക്ലാസ് നല്‍കാനും തീരുമാനമായി. ഐഡിആർടിയില്‍ 5 ദിവസത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാലേ ലൈസൻസ് പുതുക്കി നല്‍കൂ.
കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന മോട്ടോർ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ കൊക്കൊണ്ടത്. ഗതാഗത നിയമം ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്.
പ്രദീപ് ചാത്തന്നൂർ