മട്ടന്നൂർ: ഇൻഷ്വറൻസ് തുക അടക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റിന്റെ വാഹനങ്ങൾ റോഡിലിറക്കാനാതെ കയറ്റിയിട്ടു. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന നാല് ഇലക്ട്രിക് വാഹനങ്ങളാണ് ഓഫീസിൽ കയറ്റിയിട്ടിരിക്കുന്നത്.
പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ്, തലശേരി താലൂക്കുകളിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ കയറ്റിയിട്ടതോടെ എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെടുന്ന സ്ഥിതിയാണ്.
കണ്ണൂർ താലൂക്ക് ഉൾപ്പെടെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളാണ് എൻഫോഴ്സ്മെന്റിന് അനുവദിച്ചിരുന്നു. ഇതിൽ നാല് വാഹനങ്ങളുടെ ഇൻഷ്വറൻസ് കാലാവധി അവസാനിച്ചത്. ഒരു വാഹനത്തിന്റെ കാലാവധി ആറിന് അവസാനിക്കും.
ഒക്ടോബർ 31 നാണ് ഇലക്ട്രിക് വാഹനത്തിന്റെ കാലാവധി കഴിഞ്ഞത്. പിന്നീട് മൂന്ന് വാഹനങ്ങളുടെയും ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞു. ഇതിനു പുറമെ രണ്ട് ഡീസൽ ജീപ്പുകളും മട്ടന്നൂർ ഓഫീസ് പരിസരത്ത് കട്ടപ്പുറത്താണ്.
ജീപ്പുകൾക്കുണ്ടായ തകരാർ പരിഹരിക്കാതെയിട്ടതോടെയാണ് കട്ടപ്പുറത്തായത്. ഇൻഷ്വറൻസ് അടക്കാതെ വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാതെ വന്നതോടെ വാഹന പരിശോധന ഉൾപ്പെടെയുള്ള എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടിക്കുകയാണ്.