
ഇരിങ്ങാലക്കുട: ഹെൽമെറ്റ് വയ്ക്കാതെയും ലൈസൻസ് ഇല്ലാതെയും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയും ചെക്കിംഗിൽ നിർത്താതെ പോവുകയും ചെയ്ത വിദ്യാർഥികളെ വീട്ടിൽ പോയി ഫൈൻ അടപ്പിച്ച് മോട്ടോർ വാഹന വകുപ്പ്.
ഇരിങ്ങാലക്കുടയിൽ മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെന്റ് സേഫ് കേരള മൊബൈൽ എൻഫോഴ്സ്മെന്റിന്റെ ചെക്കിംഗിനിടെ ഇരുചക്രവാഹനത്തിൽ പിൻസീറ്റ് യാത്രികർ ഹെൽമെറ്റ് ധരിക്കാതെ വന്നവരെയും വാഹനം നിർത്താതെ ഓടിച്ചുപോയവരെയും അഡ്രസ് എടുത്ത് വീട്ടിൽ ചെന്ന് കൈയോടെ പിടികൂടി.
ഒരാൾ ഭവൻസ് സ്കൂൾ വിദ്യാർഥി, സഹപാഠിയായ വിദ്യാർഥിനിയുടെ വാഹനം കുറച്ചുനേരത്തേക്ക് ഉപയോഗിക്കാൻ എടുത്തതായിരുന്നു. ഇയാൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. സ്റ്റോപ്പ് സിഗ്നൽ അവഗണിച്ചതും ലൈസൻസ് ഇല്ലാത്തതിനും 12,500 രൂപ പിഴയടച്ചാണ് വാഹനം വിട്ടുനൽകിയത്.
മറ്റൊരു കേസിൽ രാവിലെ കോളജിലേക്ക് പോയ വിദ്യാർഥിയാണു സ്റ്റോപ്പ് സിഗ്നൽ അവഗണിച്ചത്. ഇയാൾക്കു ലൈസൻസ് ഉണ്ടായിരുന്നുവെങ്കിലും മുന്‍പ് ഒരപകടം ഉണ്ടാക്കിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതായിരുന്നു. ഇതു കാൻസൽ ചെയ്യാൻ നടപടിയുമായി മുന്നോട്ട് പോകുന്നു.
വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയതിന് മൂന്നുപേർക്ക് 2000 രൂപയും അമിത വേഗത്തിൽ പോയതിന് 1500 രൂപയും ഫൈൻ ഈടാക്കി. ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് ഇല്ലാത്ത 10 പേരെയും ഹെൽമെറ്റ് ഇല്ലാത്ത 108 പേരെയും പിടികൂടി.
വാഹന പരിശോധനയ്ക്ക് എംവിഐമാരായ ബിജോയ് പീറ്റർ, സുരേഷ് നാരായണൻ എന്നിവർ നേതൃത്വം നൽകി. സംഘത്തിൽ എഎംവിഐമാരായ പി.പി. പ്രവീണ്‍, എം.ആർ. അരുണ്‍, ടി.പി. സനീഷ് എന്നിവരും ഉണ്ടായിരുന്നു.
കൈ കാണിച്ചിട്ട് നിർത്താത്തവർക്കെതിരെ കർശനനടപടികളെടുക്കണമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ഷാജി മാധവൻ നിർദേശം നൽകി.