പറവൂർ: അഴിമതിക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ ജോയിന്റ് ആർടി ഓഫീസിലെ ഒരു എംവിഐയുടെ നേതൃത്വത്തിൽ തന്നേയും തന്റെ പിതാവ് 45 വർഷത്തിലധികമായി നടത്തുന്ന ഡ്രൈവിംഗ് സ്കൂളിനേയും അപകീർത്തിപ്പെടുത്താനും ഇല്ലാതാക്കാനും ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി യുവാവ് പരാതി നൽകി.
തന്നെ വ്യക്തിപരമായി അവഹേളിക്കാൻ ഇല്ലാക്കഥകൾ ചമച്ച് കേസെടുപ്പിക്കുകയാണെന്ന് മിനി ഡ്രൈവിംഗ് സ്കൂൾ ഉടമ എൻ.വി. ജോയിയുടെ മകൻ മിഥുൻജോയ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇക്കാര്യങ്ങൾ കാണിച്ച് മുഖ്യമന്ത്രി, ഗതാഗത മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, ട്രാൻസ്പോർട്ട് കമ്മീഷണർ, സെക്രട്ടറി, വിജിലൻസ് ഡയറക്ടർ,
ജില്ല കളക്ടർ, ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടർ, ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവർക്കു നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മിഥുൻ അറിയിച്ചു.
ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ നാലു മാസം മുൻപു വിജിലൻസിനും ട്രാൻസ്പോർട്ട് മേധാവികൾക്കും വേറെയും പരാതി നൽകിയിരുന്നു.
എന്നാൽ ന്യൂനതകൾ ഉണ്ടായതു കൊണ്ടു തന്നെയാണു മിനി ഡ്രൈവിംഗ് സ്കൂൾ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തതെന്നാണു മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.