തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഡ്ഢി വേഷം കെട്ടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലവിട്ട നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. പലതും ഉദ്ദേശിച്ച് കെട്ടുന്ന വിഡ്ഢി വേഷം കേരളത്തില്‍ ഏശില്ല. സിആര്‍പിഎഫ് വരുന്നതുകൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മിഠായിത്തെരുവിൽ മിഠായിയും കോഴിക്കോടൻ ഹൽവയും ഒക്കെ വാങ്ങാൻ പോയ ചിത്രം എല്ലാവരും കണ്ടതാണ്. അന്ന് ഒരു സെക്യൂരിറ്റിയും വേണ്ടിവന്നില്ല. ഗവർണറുടെ വാഹനത്തിൽ എസ്എഫ്ഐ പ്രവർത്തകർ അടിച്ചെന്ന ആരോപണം കളവാണെന്ന് മാധ്യമപ്രവർത്തകർ തന്നെ തെളിയിച്ചു. പ്രതിഷേധക്കാർ വാഹനത്തിന് അടുത്ത് പോലും എത്തിയില്ല. പലതുമെന്ന പോലെ ഇതും കളവാണ്. പലതും ഉദ്ദേശിച്ച് കെട്ടുന്ന വിഡ്ഢി വേഷം കേരളത്തിൽ ഏശില്ല.
ഗവർണർ വിഡ്ഢി വേഷം കെട്ടുകയാണ്. എക്സ് പോയി വൈ വരും, ഇനി വരുന്നത് ഇതിനെക്കാൾ വലിയ ആർഎസ്എസുകാരനായിരിക്കുമെന്നാണ് ഗവർണറെ തിരിച്ചുവിളിക്കുന്ന ചോദ്യത്തിന് എം. വി ഗോവിന്ദന്റെ മറുപടി.
സിആർപിഎഫ് വന്നത് കൊണ്ട് ആരും ഗവർണർക്കെതിരായ പ്രതിഷേധം അവസാനിക്കില്ല. പ്രഖ്യാപിച്ച പ്രതിഷേധങ്ങളെല്ലാം ആര് വന്നാലും നടക്കും. കേന്ദ്ര സുരക്ഷ ഏർപ്പെടുത്തുന്നതിൽ മാത്രമല്ല ഒന്നിലും നടപടിക്രമം പാലിച്ചിട്ടില്ല. നിയമപ്രകാരമെങ്കിൽ ഗവർണർ ഇങ്ങനെ പെരുമാറുമോയെന്നും ഗോവിന്ദൻ ചോദിച്ചു.
കൊല്ലം നിലമേലിൽ ശനിയാഴ്ച ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. അന്പതിൽപരം എസ്എഫ്ഐ പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്.
പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ തൊട്ടരികിൽ വരെ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. പോലീസിനെ ശകാരിച്ച ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിന്നു. തുടർന്ന് സമീപത്തെ കടയിൽ കയറി വെള്ളം കുടിക്കുകയും ചെയ്തു.
പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസാണെന്നും കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്നും ഗവർണർ നിലപാടെടുത്തു. കരിങ്കൊടി പ്രതിഷേധം നടക്കുന്നുവെന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിലെടുത്തില്ലെന്നും അദ്ദേഹം പോലീസിനോടു ചോദിച്ചു. പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 12 എസ്എഫഐ പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കിയതായി പോലീസ് അറിയിച്ചു.
സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായാണ് ഗവർണർ രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. .
പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ഫോണിൽ വിളിച്ച് ഗവർണർ വിഷയം ധരിപ്പിച്ചു. എസ്എഫ്ഐക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ പകർപ്പ് ലഭിച്ചശേഷം മാത്രമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത് .