കണ്ണൂര്‍: സിപിഎമ്മിൽനിന്നു പുറത്താ ക്കപ്പെട്ട കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും മുൻ ഡിവൈഎഫ്ഐ നേതാവുമായ മനു തോമസ് സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളവരുടെ പേര് പരാമാർശിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ നൽകിയ കത്തിന്റെ കോപ്പി പുറത്ത്. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ പേരെടുത്ത് പറഞ്ഞാണ് പരാതി.
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഷാജർ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നാണ് 2023 ഏപ്രിലിൽ നൽകിയ പരാതിയില്‍ പറയുന്നത്.
ഇതിന്റെ തെളിവായി ശബ്ദരേഖ ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. ശബ്ദരേഖ വന്നത് ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്സാപ്പ് ഗ്രൂപ്പിലാണ്. ഇത്രയൊക്കയായിട്ടും താൻ നൽകിയ പരാതിയിൻമേലിൽ ഒരു വർഷത്തോളം ജില്ലാ കമ്മിറ്റി അന്വേഷണം നടത്തിയില്ല.
മൂന്നു തവണ ജില്ലാ കമ്മിറ്റിയിൽ ഇക്കാര്യം ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ല. പിന്നീട് അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും ഇക്കാര്യത്തിൽ ഷാജറിന് ശ്രദ്ധക്കുറവ് ഉണ്ടായെന്ന പരാമർശത്തിൽ നടപടി തീർക്കുകയായിരുന്നുവെന്നും പറയുന്നു.
പാർട്ടിയുമായി ബന്ധമുള്ള ചിലരുടെ ആശാസ്യമല്ലാത്ത നടപടികൾ തിരുത്തണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യപ്പെട്ടിട്ടും തിരുത്താൻ തയാറാകാത്തതിനെതിരേ കഴിഞ്ഞ ദിവസം മനു തോമസ് ശക്തമായി തുറന്നടിച്ചിരുന്നു.
അന്വേഷണം പ്രഹസനമാക്കിയെന്നും മനു തോമസ് ആരോപിച്ചിരുന്നു.
പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി യോഗങ്ങളിൽനിന്നും പാർട്ടി പരിപാടികളിൽനിന്നും വിട്ടു നിന്ന മനുതോമസ് അംഗത്വവും പുതുക്കിയിട്ടില്ല.
ഇക്കാരണത്താൽ മനു തോമസിനെ ഒഴിവാക്കിയതായി സിപിഎം നേതൃത്വം അറിയിച്ചിരുന്നു. അംഗത്വം പുതുക്കാതെ സ്വയം മാറി നിൽക്കുകയായിരുന്നുവെന്നാണ് ഇതു സംബന്ധിച്ച മനുതോമസ് പ്രതികരിച്ചത്.
അതേ സമയം ക്വട്ടേഷൻ സംഘങ്ങളെ സംരക്ഷിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും എം. ഷാജറിനെതിരെ മനു തോമസ് നൽകിയ പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയതെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചു.
മനു തോമസിനെ പാര്‍ട്ടി പുറത്താക്കിയിട്ടില്ല. അതുകൊണ്ടാണ് ഒഴിവാക്കിയത്. ബോധപൂർവം മനു തോമസിനെ പാര്‍ട്ടി തഴഞ്ഞിട്ടില്ല. മനസ് മടുത്ത് രാഷ്ട്രീയം വിടണമെങ്കിൽ ഒരാൾ കമ്യൂണിസ്റ്റ് അല്ലാതിരിക്കണമെന്നും എം.വി. ജയരാജൻ പറഞ്ഞു.