തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ ചികിത്സ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരേ വക്കീൽ നോട്ടീസ് അയയ്ക്കാൻ യൂത്ത് കോൺഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരേയാണ് നിയമനടപടി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ നിർദ്ദേശപ്രകാരം അഭിഭാഷകനായ മൃദുൽ ജോണ്‍ മാത്യു മുഖേന വക്കീൽ നോട്ടീസ് അയയ്ക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ രേഖ അട്ടിമറിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാർച്ച് ഇന്നു നടക്കും. രാത്രി 8 മണിക്ക് ക്ലിഫ് ഹൗസിലേക്ക് സമരജ്വാല എന്ന പേരിൽ നൈറ്റ് മാർച്ച് നടത്തും. ജില്ലാതല പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലും തുടരും. ഇന്ന് കോട്ടയം, കണ്ണൂർ ജില്ലകളിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ രേഖ അട്ടിമറിച്ചവർക്കെതിരേ നടപടിയെടുക്കണം.