കോട്ടയം: കോട്ടയത്ത് വിജിലൻസിന്റെ ഓപ്പറേഷൻ ഓവർ ലോഡ് പരിശോധനയിൽ പണം വാങ്ങിയതായി കണ്ടെത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കൂടുതൽ അന്വേഷണം തുടങ്ങി.
കോട്ടയം എൻഫോഴ്സ്മെന്റ് ആർടി ഓഫിസിലെ എംവിഐമാരായ വി. ഷാജൻ, അജിത്ത് ശിവൻ, അനിൽ എന്നിവരാണ് പണം വാങ്ങിയതായി വിജിലൻസ് സംഘം കണ്ടെത്തിയത്.
ടോറസ് -ടിപ്പർ ലോറികളിൽ പാസില്ലാതെ അനധികൃതമായി മണ്ണും മണലും കടത്തുന്നത് സംബന്ധിച്ചുളള പരാതികൾ കണ്ടെത്തുന്നതിനായാണ് വിജിലൻസ് ഓപ്പറേഷൻ ഓവർലോഡ് എന്ന പേരിൽ എംസി റോഡിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഏജന്റായായ കടപ്പൂർ സ്വദേശി രാജീവിന്റെ ടോറസ് ലോറി പിടികൂടി.
ഇതോടെ വിജിലൻസ് സംഘം രാജീവിന്റെ ഫോണ് പരിശോധിച്ചതോടെയാണ് കോട്ടയം എൻഫോഴ്സ്മെന്റ് ആർടി ഓഫിസിലെ എംവിഐമാരായ വി. ഷാജൻ, അജിത്ത് ശിവൻ, അനിൽ എന്നിവർ ഗൂഗിൽ പേയിലുടെ പണം വാങ്ങിയതിന്റെ രേഖകൾ ഫോണിൽനിന്നു കണ്ടെത്തിയത്.
ഷാജൻ മറ്റൊരു അക്കൗണ്ടിലൂടെ മൂന്ന് ലക്ഷം രൂപയും, അജിത് ശിവൻ പിതാവിന്റെ അക്കൗണ്ടിലൂടെ രണ്ടര ലക്ഷം രൂപയും, അനിൽ 53000 രൂപ ബിനാമി അക്കൗണ്ട് വഴി കൈപ്പറ്റിയതിന്റെ രേഖകളാണ് കണ്ടെത്തിയത്.
ഇതോടെയാണ് ഈ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നത്. ഇതിനായി ബാങ്കിൽ അപേക്ഷ നൽകിയിട്ടുണ്ട്. തുടർന്നായിരിക്കും ഇവരെ ചോദ്യം ചെയ്യുന്നത്.
രാജീവൻ കൂടുതൽ ഉദ്യോഗസ്ഥർക്കു പണം നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പണം വാങ്ങിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്ത് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.