പൂഞ്ഞാർ: ചെറുതും വലുതുമായ പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന മീനച്ചിലാർ, ആറിന്റെ ഇരുവശങ്ങളിലുമുള്ള മരങ്ങളിൽ നിന്നും പക്ഷികളുടെ കളകള ശബ്ദം, കുയിലിന്റെ കൂവൽ, ശരീരത്തിനും മനസിനും കുളിർമയേകി ഇടയ്ക്കിടയ്ക്കു വീശിയടിക്കുന്ന മന്ദമാരുതൻ… ആറിന്റെ നടുക്കു നിൽക്കുന്ന ഇലിപ്പ മരത്തിൽ മുളയും കവുങ്ങും പനയോലയും ചേർത്ത് കെട്ടിയുണ്ടാക്കിയ ഏറുമാടം.
പ്രകൃതി രമണീയമായ പൂഞ്ഞാർ അടിവാരം കുന്നിന്റെ താഴ് വാരത്ത് ലോക് ഡൗണ് കാലത്ത് നാട്ടുകാർ ഒത്തൊരുമിച്ച് നിർമിച്ച ഏറുമാടം കാഴ്ചയ്ക്ക് മനോഹാരിത പകരുന്നതോടൊപ്പം ഇപ്പോൾ ആളുകളുടെ വിശ്രമകേന്ദ്രം കൂടിയാണ്.
പൂഞ്ഞാറിൽനിന്നും അടിവാരം റൂട്ടിൽ മൂന്നു കിലോമീറ്റർ ദൈർഘ്യത്തിൽ പുലിയിടുക്ക് മുഴേൽമാവിലാണു മീനച്ചിലാറ്റിന്റെ നടുവിൽ കൂറ്റൻ ഏറുമാടം ഉയർന്നിരിക്കുന്നത്.
പ്രദേശവാസിയായ വാഴയിൽ കുട്ടിച്ചന്റെ നേതൃത്വത്തിൽ മുള്ളൻകുഴിയിൽ ഉത്തമനും ജയേഷും അടങ്ങുന്ന ചെറുപ്പക്കാരുടെ സംഘമാണ് ഏറുമാടത്തിനു പിന്നിൽ.
ലോക്ഡൗണിൽ വീട്ടിൽ വെറുതേ ഇരുന്നപ്പോൾ പ്രദേശത്തെ ചെറുപ്പക്കാരുടെ മനസിൽ തോന്നിയ ആശയമാണ് ഏറുമാടം നിർമിക്കുക എന്നത്.
ചെറുപ്പക്കാരുടെ സംഘം ഇലിപ്പ മരത്തിന്റെ ശിഖരങ്ങൾക്കിടയിൽ കവുങ്ങിൻതടി ചേർത്തിട്ടു. മുളങ്കന്പുകൾ ചേർത്തുവച്ച് അതിൽ പനയോല കെട്ടി വശങ്ങൾ മറച്ചു.
നനയാതിരിക്കാൻ ഓല ഉപയോഗിച്ച് മേൽക്കൂരയും കെട്ടി. മുകളിലേക്ക് കയറുവാനായി ഈറ്റ ഉപയോഗിച്ച് നല്ല ഗോവിണിയും.
ഏറുമാടം പൂർത്തിയായതോടെ വീട്ടിൽ വെറുതേയിരുന്നു മുഷിഞ്ഞവർ നേരന്പോക്കിനായി ഏറുമാടത്തിലെത്തി. നല്ല കാറ്റ്, ആറ്റിൽ നിന്നുള്ള തണുപ്പ്, മഴയുടെ ചെറുനനവ്… കുട്ടിക്കാലം തിരികെ കിട്ടിയ ഫീൽ ആയിരുന്നു എല്ലാവർക്കും. കുന്തിരിക്കം, ആറ്റുവഞ്ചി, ഇല്ലി, കന്പകം, മുള തുടങ്ങി നിരവധി മരങ്ങളും ഇവിടെയുണ്ട്.