തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. നടിയെ കേന്ദ്രകഥാപാത്രമാക്കി കൂടുതൽ സിനിമകൾ വരുന്നത് തെലുങ്കിൽനിന്നാണ്.
യശോദ, ശാകുന്തളം തുടങ്ങിയ പുതിയ തെലുങ്ക് സിനിമകളിൽ സാമന്തയാണ് പ്രധാന കഥാപാത്രം. അടുത്തിടെ റിലീസ് ചെയ്ത യശോദ മികച്ച പ്രേക്ഷക പ്രതികരണം നേടി. ശാകുന്തളം റിലീസിന് ഒരുങ്ങുകയാണ്.
കരിയറിൽ തിരക്കിൽ നിൽക്കുന്ന സാമന്ത കഴിഞ്ഞ കുറേ മാസങ്ങളായി ചികിത്സയിലായിരുന്നു. മയോസിറ്റിസ് എന്ന പേശികളെ ബാധിക്കുന്ന അസുഖമാണ് സാമന്തയെ ബാധിച്ചത്.
ഓട്ടോ ഇമ്യൂൺ കണ്ടീഷനായ മയോസിറ്റിസിന് പൂർണ രോഗമുക്തിയില്ല. അസുഖത്തെ നിയന്ത്രിക്കാൻ പറ്റും. കുറച്ച് മാസങ്ങൾ വിശ്രമമെടുത്ത സാമന്ത ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്.
ഇപ്പോഴിതാ ശാകുന്തളത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സാമന്ത നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.ഓട്ടോ ഇമ്യൂൺ കണ്ടീഷനുള്ള ഒരാളോടും ശരിയായോ എന്ന് ചോദിക്കാൻ പറ്റില്ല.
കാരണം ഇത് ലൈഫ് ലോംഗാണ്. നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാവും. ഇപ്പോൾ എനിക്ക് കുറേക്കൂടി നല്ല ദിവസങ്ങളുണ്ട്. ഇപ്പോൾ സിതാഡെലിന്റെ ഷൂട്ടിൽനിന്നു ഖുശിയുടെ ഷൂട്ടിംഗിന് പോവുന്നു.
ഇടയ്ക്ക് ശാകുന്തളത്തിന്റെ പ്രമോഷനും. എവിടെനിന്നാണ് ഈ ശക്തി വരുന്നതെന്ന് അറിയില്ല. മുമ്പ് ഞാനൊരു കൺട്രോൾ ഫ്രീക്കായിരുന്നു. ഷൂട്ടിഗും ലൈഫ് സ്റ്റൈലുമെല്ലാം. പക്ഷെ അസുഖം ബാധിച്ചശേഷം അത് വേണ്ടെന്ന് തിരിച്ചറിഞ്ഞു.
രോഗം ബാധിച്ച ആദ്യകാലമൊക്കെ എനിക്കു ദേഷ്യമായിരുന്നു. എന്തുകൊണ്ട് ഇത് മാറുന്നില്ല, ഞാൻ ആരോഗ്യം സംരക്ഷിക്കുന്നയാളാണ് എന്നിട്ടും എനിക്കെങ്ങനെ വന്നെന്നൊക്കെ. പക്ഷെ പിന്നീട് ഈ ഘട്ടം എന്നെ ക്ഷമ പഠിപ്പിച്ചു.
പെർഫെക്ഷൻ എന്നത് എന്തിന്റെയെങ്കിലും പിറകെ പോവുന്നല്ല. ഈ നിമിഷത്തിൽ ജീവിക്കുന്നതാണ്. ഞാൻ ആദ്യമേ സ്പിരിച്വലായ വ്യക്തിയാണ്.
ഈ എട്ട് മാസക്കാലത്ത് അത് കുറേക്കൂടി വർധിച്ചു. സ്പിരിച്വാലിറ്റിയിൽ നിന്നുള്ള ശക്തിയില്ലായിരുന്നെങ്കിൽ എനിക്കിവിടെ ഇരുന്ന് സംസാരിക്കാൻ പറ്റില്ലായിരുന്നു.
എനിക്കെതിരേ വരുന്ന മോശം കമന്റുകളോട് ഇപ്പോൾ ദേഷ്യം വരാറില്ല. എന്റെ സൗന്ദര്യം പോയെന്ന കമന്റ് മുമ്പായിരുന്നു വന്നതെങ്കിൽ അയ്യോ പോയോ എന്ന് തോന്നുമായിരുന്നു.
ഒരുപക്ഷെ എന്നെ കാണാൻ മുമ്പത്തെ പോലെ ഭംഗിയുണ്ടാവില്ല. പക്ഷെ ഉള്ളിൽ നിന്ന് എനിക്ക് വളരെ സൗന്ദര്യം തോന്നുന്നു. കാരണം ഇവിടെയെത്താൻ ഞാനെടുത്ത സ്ട്രഗിൾ എനിക്കറിയാം. എല്ലാ പാടുകളും എന്നെ കുറേക്കൂടി സുന്ദരിയാക്കുന്നു- സാമന്ത പറഞ്ഞു.