ഇനി എന്റെ പിതാവിനെ ഓട്ടോ ഓടിക്കാന്‍ വിടില്ല; ഐപിഎല്‍ ലേലത്തില്‍ വന്‍ നേട്ടമുണ്ടാക്കിയ മുഹമ്മദ് സിറാജിന്റെ കഥയറിയാം…

siraj600ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് സിറാജ്. വെറും 10 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഈ 22കാരനെ 2.6 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.

ഇന്ത്യന്‍ ടീമില്‍ നിലവില്‍ കളിക്കുന്ന താരങ്ങളടക്കമുള്ള  ബൗളര്‍മാര്‍ അവഗണിക്കപ്പെട്ടപ്പോള്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ഇത്രയും വലിയ തുക നല്‍കി സ്വന്തമാക്കാന്‍ എന്തു പ്രത്യേകതയാണ് ഇയാള്‍ക്കുള്ളതെന്നതായിരുന്നു ആളുകളുടെ ചോദ്യം.ആ ചോദ്യത്തിന്റെ ഉത്തരം സിറാജിന്റെ ജീവിതമാണ്. ആ ജീവിതത്തെ നയിച്ച പോരാട്ടവീര്യമാണ് അഞ്ഞൂറു രൂപയില്‍ നിന്ന്  രണ്ടരക്കോടിയിലേക്ക് സിറാജിനെ എത്തിച്ചതും.

അമ്മാവന്‍ ക്യാപ്റ്റനായ ടീമിന് വേണ്ടി 25 ഓവര്‍ ബൗള്‍ ചെയ്ത് 20 റണ്‍സ് വഴങ്ങി ഒമ്പതു വിക്കറ്റ് നേടിയപ്പോള്‍ അമ്മാവന്‍ നല്‍കിയ സമ്മാനമായിരുന്നു ആ 500 രൂപ.’ എനിക്ക് അതിയായ സന്തോഷമുണ്ട്. അത് പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. ഞാന്‍ ഒരിക്കലും പണത്തെക്കുറിച്ച് ചിന്തിച്ച് ആശങ്കപ്പെട്ടിട്ടില്ല. ഐപിഎലില്‍ കളിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ എന്നെ അതിശയിപ്പിച്ചാണ് ടീം ഉടമകള്‍ എന്നെ ടീമിലെടുത്തത്. ഇത്രയും വലിയ തുകയ്ക്ക് എന്നെ ആരെങ്കിലും വാങ്ങുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല” സിറാജ് സന്തോഷം മറച്ചു വയ്ക്കുന്നില്ല.
siraaaa

ദരിദ്രമായ ചുറ്റുപാടില്‍ നിന്നുവരുന്ന ഏതൊരു ക്രിക്കറ്റ് താരത്തെയും പോലെ  ടെന്നീസ് പന്തു കൊണ്ടാണ് സിറാജും കളി തുടങ്ങിയത്. ക്രിക്കബൗളിംഗിന്റെ ബാല പാഠങ്ങള്‍ പകര്‍ന്നു തരാന്‍ ആരുമില്ലായിരുന്നെങ്കിലും ഒാട്ടോഡ്രൈവറായ അച്ഛന്‍ മുഹമ്മദ് ബൗസിന്‍ മകന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ എന്നും ശ്രദ്ധിച്ചിരുന്നു. ഒരിക്കലും ആ അച്ഛന്‍ സിറാജിനെയും സഹോദരനെയും പണത്തിന്റെ ബുദ്ധിമുട്ടറിയിച്ചിരുന്നില്ല.

” അച്ഛന്‍ ഒരിക്കലും ഞങ്ങളെ പണത്തിന്റെ ബുദ്ധിമുട്ട് അറിയിച്ചിട്ടില്ല. എന്തു ആവശ്യവും സാധിച്ചു തന്നു. ഏറെ വിലയുണ്ടായിരുന്ന ബൗളിങ് സ്‌പൈക്ക് പോലും അദ്ദേഹം എനിക്ക് വാങ്ങിത്തന്നു.  പഠിക്കാന്‍ ഞാന്‍ അത്ര മിടുക്കനല്ലായിരുന്നു.  എന്നാല്‍ ജ്യേഷ്ഠന്‍ നേരേ തിരിച്ചായിരുന്നു. അവന് ഒരു ഐ.ടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ലഭിക്കുകയും ചെയ്തു. ഇതോടെ അവനെ നോക്കി പഠിക്കാന്‍ പറഞ്ഞ് അമ്മ ഷബാന ബീഗം എന്നും എന്നെ വഴക്ക് പറയുമായിരുന്നു. പക്ഷേ ഇന്ന് എന്റെ നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അമ്മയാണ്” സിറാജ് പറയുന്നു.ഇനിയൊരിക്കലും അച്ഛനെ ഓട്ടോ ഓടിക്കാന്‍ വിടില്ലെന്നു പറയുന്ന സിറാജ തനിക്കു ലഭിച്ച ലേലത്തുക കൊണ്ട്
അച്ഛനും അമ്മക്കും ഹൈദരാബാദില്‍ നല്ലൊരു വീട് വാങ്ങി നല്‍കാനും പദ്ധതിയിടുന്നു.

ഹൈദരാബാദ് അണ്ടര്‍ 22 ടീമംഗമായ സിറാജ് സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നീ ടൂര്‍ണമെന്റുകളില്‍ കളിച്ചു. കഴിഞ്ഞ രഞ്ജി സീസണില്‍ ഹൈദരാബാദിനു വേണ്ടി 41 വിക്കറ്റുകളാണ് ഈ വലങ്കയ്യന്‍ പേസര്‍ നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹമത്സരത്തില്‍ ടീമിലിടം കിട്ടിയെങ്കിലും അ്ന്തിമ ഇലവനില്‍ സ്ഥാനം പിടിക്കാനായില്ല. ഇപ്പോള്‍ ഐപിഎല്‍… ഇനി ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കളത്തിലിറങ്ങുന്ന  ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിറാജ്.

Related posts