തൃശൂർ: പ്രളയദുരിതാശ്വാസത്തിലേക്ക് ഭിക്ഷാടകൻ പോലും സഹായം നൽകുന്ന നൻമ നിറഞ്ഞ കാഴ്ചയുമായി ഒരു ഹ്രസ്വചിത്രം. മൈ ഹാൻഡ് എന്ന് പേരിട്ടിരിക്കുന്ന ഒന്പതുമിനുറ്റോളം മാത്രം ദൈർഘ്യമുള്ള കൊച്ചുചിത്രം നൻമവറ്റിയിട്ടില്ലാത്ത മനുഷ്യമനസിലേക്കുള്ള ഒരു യാത്രയാണ്.
ലിയാന്റോ എന്ന പുതുമുഖ സംവിധായകനാണ് മൈ ഹാൻഡ് എന്ന ചിത്രം കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. കൈപ്പറന്പ് പുത്തൂർ വാഴപ്പിള്ളി ലിയാന്റോയുടെ ആദ്യ സംരംഭമാണിത്.
നാടുനീളെ നടന്ന് ഭിക്ഷയെടുക്കുന്ന രഘു എന്നയാൾ തനിക്ക് ഭിക്ഷയെടുത്തു കിട്ടിയതിൽ ഒരു പങ്ക് ദുരിതാശ്വാസ ഫണ്ടിലേക്കും പ്രളയാനന്തര കേരളത്തെ പടുത്തുയർത്താനും നൽകുന്നതാണ് ചിത്രത്തിന്റെ കഥ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയൊരു സന്ദേശം പകർന്നുനൽകാൻ ഈ ചിത്രത്തിന് സാധിക്കുന്നു. യദു ഗണേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
നിഖിൽ ഡേവിസ് ഛായാഗ്രഹണം നിർവഹിച്ചു. ടി.പി.സ്വീറ്റ്സണ്, ജോമോൻ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. യൂ ട്യൂബിൽ റിലീസ് ചെയ്ത മൈ ഹാൻഡ് ഇതിനകം തന്നെ നിരവധി പേർ കണ്ടു കഴിഞ്ഞു. ഇച്ചായൻ 85 എന്ന് യു ട്യൂബിൽ സെർച്ച് ചെയ്താൽ ഈ കൊച്ചു ചിത്രം കാണാം.