മുളങ്കുന്നത്തുകാവ്: കേരളത്തിന്റെ പൊതുവികസനത്തിൽ സേവന താൽപര്യമുള്ളവരെ കണ്ടെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അഭ്യർത്ഥന മാനിച്ചെത്തിയതാണു 49 കാരനായ ജോണ്സണ്.
ജനിച്ച് ആറുമാസത്തിനുള്ളിൽ പോളിയോ ബാധിച്ചു കൈകാലുകൾ തളർന്ന ജോണ്സണ് ജീവിതത്തോടു പടപൊരുതി മുന്നേറുന്നു. 14 വർഷം മുന്‍പ് ഫാൻസി ആവശ്യങ്ങൾക്കു മാത്രം ഉപയോഗിച്ചിരുന്ന എൽഇഡി, വെളിച്ചത്തിനുവേണ്ടിയും ഉപയോഗപ്പെടുത്താമെന്നു കണ്ടെത്തിയതു ജോണ്‍സണാണ്. പക്ഷേ അന്നു വില കൂടുതലാണ്.
എൻജിനിയർമാരും ഡോക്ടർമാരും മാത്രമേ 2110 രൂപ വിലയുള്ള ആ ബൾബുകൾ വാങ്ങാൻ മുന്നോട്ടു വന്നുള്ളു. അന്നത്തെ നാലു വാട്ടിന്റെ ബൾബിനു ഇന്നത്തെ 10 വാട്ടിന്റെ പ്രകാശമുണ്ടായിരുന്നുവെന്നതാണു പ്രത്യേകത.
പക്ഷേ വന്പന്മരോടു പോരാടനായി ജോണ്‍സണും തന്റെ ബൾബുകൾക്കു വില കുറയ്ക്കേണ്ടിവന്നു. എന്നാൽ ജോണ്സണ് നിർമിക്കുന്ന ബൾബുകൾ വാറണ്ടി കാലാവധി കഴിഞ്ഞാലും കേടു വന്നാൽ സർവീസ് ചെയ്തു നേരെയാക്കാൻ കഴിയും. ഓരോ ഗ്രാമപഞ്ചായത്തിനും ഇത്തരം ബൾബുകൾ നിർമിക്കാൻ കഴിയുമെന്നാണ് ജോണ്സണ് പറയുന്നുത്. അതിനുള്ള സാങ്കേതിക സഹായം നൽകാൻ ജോണ്സണ് തയാർ.
കോഴിക്കോടു ജില്ലയിലെ പെരുവണ്ണാമുഴി മഠത്തിനകത്ത് ജോണ്സണ് ഇന്ന് എം.ടെക് ഇലക്ട്രോ ഡിജിറ്റൽ വ്യവസായ സ്ഥാപനത്തിന്റെ ഉടമയാണ്. കോഴിക്കോട് ജില്ലയിലെ മൂന്നു വനിതാസംരംഭക യൂണിറ്റുകൾക്കു സാങ്കേതിക സഹായവും അസംസ്കൃത വസ്തുക്കളും മെഷിനറികളും നൽകുന്നതു ജോണ്സണ് തന്നെ. ഒൗദ്യോഗിക വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ലാത്ത ജോണ്‍സണു ഭാര്യയും രണ്ടു മക്കളുമുണ്ട്.
ഭാര്യ ഉഷയാണ് ഇപ്പോൾ താങ്ങും തണലും. പ്ലസ്ടുവിനു പഠിക്കുന്ന ജയൂണും 8-ാം ക്ലാസ്സിൽ പഠിക്കുന്ന ജഷൂണും മക്കളാണ്. ഭാര്യയോടും മകനോടുമൊപ്പമാണു ജോണ്സണ് പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ കിലയിലെത്തിയത്. ആസൂത്രണബോർഡ് മെന്പർ ഡോ. കെ.എൻ. ഹരിലാലിനോടൊപ്പം വേദി പങ്കിട്ട് ജോണ്സണ് തന്റെ അനുഭവങ്ങൾ പങ്കുവച്ചു. ജോണ്‍സണെ ബന്ധപ്പെടാവുന്ന ഫോണ്‍ നന്പർ 9744525892, 9495413994