സ്വന്തം ലേഖകൻ
തൃശൂർ: ശരവേഗത്തിൽ പാഞ്ഞുപോകുന്ന ഓട്ടോറിക്ഷയെ നോക്കി ഏയ് ഓട്ടോ എന്നിനി തൊണ്ടപൊട്ടി വിളിക്കേണ്ട. ഓട്ടോകൾ “ആപ്പി’ലായിക്കഴിഞ്ഞു.
എല്ലാം ആപ്പുകളിലേക്കു മാറുന്ന ഇ-കാലത്തു ഓട്ടോറിക്ഷകൾക്കായും മൊബൈൽ ആപ്പ് തയാർ. മൈ ഓട്ടോ എന്ന മൊബൈൽ ആപ്പാണ് ഓട്ടോറിക്ഷകൾക്കായി ആവിഷ്കരിച്ചിരിക്കുന്നത്.
ഓട്ടോ ഉടമകൾക്കും തൊഴിലാളികൾക്കും യാത്രക്കാർക്കും ഒരുപോലെ ഉപകാരപ്രദവും സൗകര്യപ്രദവുമാണ് ആപ്പെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ആപ്പിൽ രജിസ്റ്റർ ചെയ്താൽ ഉപഭോക്താവിനു താൻ നിൽക്കുന്ന സ്ഥലത്തുള്ള ഓട്ടോ തെരഞ്ഞെടുക്കാം.
ദൂരം അനുസരിച്ചുള്ള നിരക്ക് നേരത്തെതന്നെ ഓട്ടോ ഡ്രൈവർമാർക്ക് ആപ്പിൽ രേഖപ്പെടുത്താനും സൗകര്യമുണ്ട്.
കൊച്ചി ഇൻഫോ പാർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടൊയോടെക് ടെക്നോളജിസ് എന്ന മലയാളി സ്റ്റാർട്ട് അപ്പ് കന്പനിയാണ് ആപ്പ് വികസിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഉടനെ ലഭ്യമാകുമെന്നു കന്പനി മാനേജിംഗ് ഡയറക്ടർ സുരേഷ് കൃഷ്ണ പറഞ്ഞു.
മൈ ഓട്ടോ മൊബൈൽ ആപ്പ് ജില്ലാ കളക്ടർ എസ്.ഷാനവാസ് ഉദ്ഘാടനം ചെയ്തു. കന്പനി സിഇഒ മുഹമ്മദ് ഷാദുലി, മാർക്കറ്റിംഗ് ഹെഡ് ശ്രീജിത്ത്, സെയിൽസ് ടീം അംഗം സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.