40 വർഷം മുന്പ് , കൃത്യമായി പറഞ്ഞാൽ 1984 ഓഗസ്റ്റ് 24നാണ് ഇന്ത്യയിലെ ആദ്യത്തെ ത്രിമാന സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ റിലീസ് ചെയ്യുന്നത്. മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമതന്നെ അന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ദൃശ്യ വിസ്മയമാണ് മലയാളികളായ സിനിമ പ്രവർത്തകർ ഇന്ത്യൻ സിനിമാവേദിക്ക് കാണിച്ചുകൊടുത്തത്. എന്നും പുതുമകളും പരീക്ഷണങ്ങളും വിസ്മയങ്ങളും വെള്ളിത്തിരയിൽ തീർത്തിട്ടുള്ള നവോദയയുടെ കുടുംബത്തിൽനിന്നാണ് ത്രീഡി മൈ ഡിയർ കുട്ടിച്ചാത്തൻ പ്രേക്ഷകരുടെ കൺമുന്നിലെത്തിയത്.
കൺമുന്നിലെത്തുക എന്ന പ്രയോഗം അക്ഷരാർഥത്തിൽ ശരിയായിരുന്നു. അന്നുവരെ സ്ക്രീനിൽ മാത്രം കണ്ടിരുന്ന പല കാഴ്ചകളും സ്ക്രീനിൽനിന്ന് തങ്ങളുടെ സീറ്റിനടുത്തേക്ക് വന്നപ്പോൾ പ്രേക്ഷകർ ആദ്യം അമ്പരന്നു പിന്നെ അത്ഭുതപ്പെട്ടു പിന്നെ കൈകൾ നീട്ടി ആ ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ ശ്രമിച്ചു… അതുതന്നെയായിരുന്നു ത്രീഡി മാജിക്..
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. 97 മിനിറ്റ് ദൈർഘ്യം മാത്രമേ സിനിമയ്ക്കുള്ളൂ. എന്നാൽ ആ 97 മിനിറ്റും പ്രേക്ഷകരെ പൂർണമായും പിടിച്ചിരുത്തുന്ന, അമ്പരപ്പിക്കുന്ന, അത്ഭുതങ്ങളുടെ പുതിയ ലോകത്തേക്ക് കൊണ്ടുപോകുന്ന സിനിമാറ്റിക് എക്സ്പീരിയൻസാണ് ഇന്നും ആ സിനിമ.
ജിജോ പുന്നൂസ് സംവിധാനം ചെയ്ത് നവോദയ അപ്പച്ചൻ നിർമിച്ച മൈ ഡിയർ കുട്ടിച്ചാത്തന്റെ തിരക്കഥ രഘുനാഥ് പലേരിയുടേതായിരുന്നു. അഭിനയ കുലപതി കൊട്ടാരക്കര ശ്രീധരൻ നായർ സിനിമയിലെ ക്രൂരനായ മന്ത്രവാദിയെ കുട്ടികൾക്ക് പേടിയാകുംവിധം അവതരിപ്പിച്ചു. കറുത്ത കരിമ്പടമിട്ടു മൂടി വടികുത്തി നടന്നുവരുന്ന മന്ത്രവാദി കേരളത്തിലെ കുട്ടികളെ കുറച്ചൊന്നുമല്ല പേടിപ്പിച്ചത്. പിന്നീട് പല അമ്മമാരും കുട്ടികൾ ചോറുണ്ണാൻ വേണ്ടി ദാ ആ മന്ത്രവാദിയെ വിളിക്കണോ എന്ന് ചോദിച്ചിട്ടുണ്ട്…
മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയിൽ കുട്ടിച്ചാത്തനും കളിക്കൂട്ടുകാരും കേരളമെമ്പാടുമുള്ള കുട്ടികളുടെ പ്രിയങ്കരരായി മാറി. അക്കാലത്ത് സ്കൂൾ തുറക്കുമ്പോൾ വിപണിയിലെത്തിയ നോട്ടുപുസ്തകങ്ങളുടെ പുറംചട്ടകൾ കുട്ടിച്ചാത്തനും കൂട്ടുകാരുമായിരുന്നു.
അന്നത്തെ നെയിംസ്ലിപ്പുകളും കുട്ടിച്ചാത്തൻ ആൻഡ് ടീമിന്റേതായിരുന്നു. കേരളത്തിലെ പ്രധാന നഗരങ്ങളിലെ എ ക്ലാസ് തിയറ്ററുകളിലാണ് അന്ന് സിനിമ റിലീസ് ചെയ്തത്. സിനിമയെക്കുറിച്ച് കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും നാട്ടിൻപുറങ്ങളിൽനിന്ന് സ്ത്രീകളും കുട്ടികളും പ്രായമായവരുംവരെ ബസ് കയറി നഗരത്തിലെത്തി കുട്ടിച്ചാത്തൻ കണ്ടു.
മടങ്ങിവന്ന് അവർ സിനിമയെപ്പറ്റി വാതോരാതെ സംസാരിച്ചു. കാണാത്തവർക്ക് സിനിമ കണ്ടേ തീരൂ എന്ന ആഗ്രഹമുദിച്ചു. അങ്ങനെ കേരളത്തിലെ നാടായ നാടുകളിൽ നിന്നെല്ലാം പ്രേക്ഷകർ നഗരങ്ങളിൽ എത്തി കണ്ണട വച്ച് കുട്ടിച്ചാത്തൻ കണ്ടു. അന്ന് മൊബൈൽ ഫോൺ ഇല്ലാത്തതുകൊണ്ട് ത്രീഡി കണ്ണട വച്ച് സെൽഫികൾ ആരും എടുത്തില്ല.
പക്ഷേ മൈ ഡിയർ കുട്ടിച്ചാത്തന്റെ പത്ര പരസ്യങ്ങളിൽ കണ്ണട വച്ച് സിനിമ കണ്ട് ആർത്തു ചിരിക്കുന്ന പ്രേക്ഷകരുടെ ചിത്രങ്ങൾ വന്നുകൊണ്ടേയിരുന്നു. കണ്ണിലേക്ക് തീപ്പന്തങ്ങൾ പാഞ്ഞു വന്നപ്പോൾ പേടിച്ചു കരഞ്ഞ കൊച്ചുകുട്ടികളെ കരച്ചിൽ മാറ്റാൻ തിയറ്ററിന്റെ പുറത്തു കൊണ്ടുപോകാൻ അച്ഛനമ്മമാർക്കു മടിയായിരുന്നു. കാരണം പുറത്തിറങ്ങിയാൽ തങ്ങൾക്ക് ഈ ത്രീഡി കാഴ്ചകളൊന്നും കാണാൻ പറ്റില്ലല്ലോ.
സിനിമ കണ്ട് പേടിച്ച് പനി വന്ന കുട്ടികളും കുറവായിരുന്നില്ല. കുട്ടിച്ചാത്തനും കൂട്ടുകാരും ചുമരിലൂടെ നടക്കുന്നതും സൈക്കിൾറിക്ഷ റിക്ഷാക്കാരൻ ഇല്ലാതെ തനിയെ പാഞ്ഞു പോകുന്നതും എല്ലാം കുട്ടികളെ പൊട്ടിച്ചിരിപ്പിച്ച രംഗങ്ങളുമായി. സിനിമ ഒന്നിലേറെ തവണ കണ്ടവർ നിരവധിയാണ്.
തിയറ്ററിൽ കണ്ണട തിരിച്ചു കൊടുക്കാതെ സൂത്രത്തിൽ വീട്ടിൽ കൊണ്ടുവന്ന് അതും വച്ച് എല്ലാം ത്രീഡിയിൽ കാണാൻ പറ്റുമോ എന്ന് പരീക്ഷിച്ച വിരുതന്മാരും ഉണ്ടായിരുന്നു. ഫ്രെയിമിൽ നിന്ന് ഗ്ലാസ് മാത്രം അടർത്തിയെടുത്ത് ഫ്രെയിം തിരിച്ചു കൊടുത്ത പരീക്ഷണ കുതുകികളും പുറം കാഴ്ചകൾ ത്രീഡിയിൽ കാണാൻ ശ്രമിച്ച് പരാജയപ്പെട്ടു. അന്ന് സിനിമ ഇറങ്ങി ആദ്യ ഷോ കഴിഞ്ഞ ഉടൻ ഓൺലൈൻ റിവ്യൂകളോ റിവ്യൂ ബോംബിംഗോ ഉണ്ടായിരുന്നില്ല. പക്ഷേ നാട്ടിൻപുറത്തെ കുളക്കടവുകളിലും പെട്ടിക്കടകളിലും മൈ ഡിയർ കുട്ടിച്ചാത്തന്റെ റിവ്യൂ ഗംഭീരമായി നടന്നു.
ആ സിനിമ കാണാൻ കണ്ണട വെക്കണത്രെ…. പ്രായമായവർ അത്ഭുതത്തോടെപറഞ്ഞിരുന്നു. ആ കണ്ണട എന്റെ കണ്ണടടെ മോളില് വെക്കാൻ പറ്റുമോ…. എന്ന് ചോദിച്ചവരും ഏറെ കണ്ണിലേക്ക് തീപ്പന്തം വന്നപ്പോൾ രാമൻകുട്ട്യാര് പേടിച്ചത്രെ… ആ സിനിമ കാണുമ്പോൾ കണ്ണട ഊര്യാ ഒന്നും കാണാൻ പറ്റില്ലന്ന പറയണേ.. തുടങ്ങി കണ്ടവരും കാണാത്തവരും സിനിമയെ പറ്റി വാതോരാതെ സംസാരിച്ചു. അതായിരുന്നു ആ സിനിമയുടെ പബ്ലിസിറ്റി. ശരിക്കുള്ള റിവ്യൂ..
നാട്ടിൻപുറത്തുനിന്നു നഗരങ്ങളിലേക്കു പോയി സിനിമ കാണാൻ പറ്റാത്തവർ എന്നാണ് ആ സിനിമ നമ്മുടെ കൊട്ടകയിൽ എത്തുക എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. അത് ഇവിടത്തെ തിയറ്ററിലൊന്നും കാണിക്കാൻ പറ്റില്ല. ടൗണിലെ വലിയ തിയറ്ററിലെ പറ്റൂ എന്ന് വിജ്ഞാനം വിളമ്പിയവരും ഏറെ. ആ കണ്ണട വെച്ചാൽ ചെങ്കണ്ണ് വരും, കാഴ്ച പോകും എന്നൊക്കെ പ്രചരിപ്പിച്ചവരും ഉണ്ടായിരുന്നു.
സിനിമ ആരംഭിക്കുന്നതിന് മുമ്പ് പ്രമുഖ അഭിനേതാക്കളായ പ്രേം നസീർ, അമിതാഭ് ബച്ചൻ, ജിതേന്ദ്ര, രജനികാന്ത്, ചിരഞ്ജീവി തുടങ്ങിയവർ അതതു ഭാഷകളിൽ സിനിമയ്ക്ക് ഇൻട്രോ നൽകി. ഓരോ ഉപയോഗത്തിനും ശേഷം കണ്ണട അണുവിമുക്തമാക്കിയതായി വിശദീകരിക്കുന്ന ദൃശ്യങ്ങൾ ഇതോടൊപ്പം ഉണ്ടായിരുന്നു.
1997ൽ കൂടുതൽ രംഗങ്ങൾ കൂട്ടിച്ചേർത്ത് മൈ ഡിയർ കുട്ടിച്ചാത്തൻ ത്രീഡിക്കൊപ്പം ഡിടിഎസ് ശബ്ദ സംവിധാനത്തോടുകൂടി റീ റിലീസ് ചെയ്തപ്പോഴും ബോക്സ് ഓഫീസിൽ അത് ലാഭങ്ങളുടെ കിലുക്കം ഉണ്ടാക്കി. മൊഴിമാറ്റിച്ചെന്ന ഭാഷകളിലെല്ലാം കോടികളുടെ കളക്ഷൻ.
ഇന്ത്യൻ സിനിമയിൽ മലയാള സിനിമയ്ക്ക് അന്നേവരെ കിട്ടിയിട്ടില്ലാത്ത ഇരിപ്പിടം മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ത്രിമാന സിനിമയിലൂടെ നവോദയ സ്വന്തമാക്കി. മൈ ഡിയർ കുട്ടിച്ചാത്തൻ യാഥാർത്ഥ്യമാക്കാൻ അപ്പച്ചനും ജിജോ പുന്നൂസും അടക്കമുള്ളവർ നടത്തിയ യാത്രകളും കഷ്ടപ്പാടുകളും എല്ലാം മറ്റൊരു സിനിമാ കഥയ്ക്കുള്ള മെറ്റീരിയൽ ആണ്.
പല ആനുകാലികങ്ങളിലും ഓൺലൈനിലും ആ കഥകൾ ഇപ്പോഴും കാണാം. പത്തുവർഷംകൂടി കഴിഞ്ഞാൽ മൈ ഡിയർ കുട്ടിച്ചാത്തന് 50 വയസാകും. ഇന്ന് പുതിയ സാങ്കേതികവിദ്യയിൽ എആർഎമ്മും വരാൻ പോകുന്ന മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും എല്ലാം നമ്മെ വിസ്മയിപ്പിക്കുമ്പോൾ ഇന്ത്യയിലെ ആദ്യത്തെ 3 ഡി സിനിമ നമ്മൾ മലയാളികളാണല്ലോ ഇന്ത്യക്കാർക്ക് കാണിച്ചുകൊടുത്തത് എന്ന് അഭിമാനത്തോടെ അല്പം അഹങ്കാരത്തോടെ കുറേയേറെ തലപ്പൊക്കത്തോടെ നമുക്ക് പറയാം.
ഋഷി