മൈഗ്രേൻ എന്ന സംജ്ഞ ഫ്രഞ്ചുഭാഷയിൽനിന്ന് ഉത്ഭവിച്ചതാണ്. കഴിഞ്ഞ 20 വർഷങ്ങളിലാണ് തലവേദനയെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ നടന്നത്.
ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റി നിർദേശിച്ച തരംതിരിവുകളാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. പ്രധാനമായി 13 തരം തലവേദനകൾ.
അതിന്റെ ഉപശീർഷകങ്ങളാകട്ടെ 70 തരം. എന്നാൽ തലവേദനയുണ്ടാക്കുന്ന കാരണങ്ങളുടെ വെളിച്ചത്തിൽ അതിനെ രണ്ടായി തിരിക്കാം – പ്രൈമറിയും സെക്കൻഡറിയും.
കാരണമില്ലാതെയും തലവേദന
പ്രത്യേകമായ രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹെഡെയ്ക്ക്. ടെൻഷൻ ഹെഡെയ്ക്കും (78 ശതമാനം) മൈഗ്രേനും (16 ശതമാനം) ക്ലസ്റ്റർ തലവേദനയും ഈ വിഭാഗത്തിൽപ്പെടും.
കാരണമുള്ള തലവേദന
ശാരീരികാവയവങ്ങളിലെ വിവിധ ആഘാതങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെക്കൻഡറി ഹെഡെയ്ക്.
മെനിഞ്ചൈറ്റിസ്, എൻസെഫാലൈറ്റിസ്, ബ്രെയിൻ ട്യൂമർ, തലച്ചോറിലെ രക്തസ്രാവവും രക്തം കട്ടിയാകലും, ടെംപറൽ ധമനിയുടെ വീക്കം, സൈനസൈറ്റിസ്, വർധിച്ച പ്രഷർ, ഗ്ലൂക്കോമ, ഹൈഡ്രോകെഫാലസ്, ദന്തരോഗങ്ങൾ, സെർവിക്കൽ സ്പോണ്ടിലോസിസ് എന്നീ രോഗാവസ്ഥകൾ വിവിധ തീവ്രതയിൽ സെക്കൻഡറി ഹെഡെയ്ക് ഉണ്ടാക്കുന്നു.
തലവേദന തുടങ്ങുന്നത് ഇങ്ങനെ
പ്രാഥമിക വിഭാഗത്തിൽപ്പെട്ട തലവേദനയിൽ രോഗലക്ഷണങ്ങളുടെ കാഠിന്യംകൊണ്ട് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് മൈഗ്രേൻതന്നെ. സ്ത്രീകളിൽ 16 ശതമാനം പേരിലും പുരുഷന്മാരിൽ ആറു ശതമാനം പേരിലും മൈഗ്രേൻ ഉണ്ടാകാറുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ബ്രെയിൻ സ്റ്റെം, ഹൈപ്പോത്തലാമസ് എന്നീ ഭാഗങ്ങളിലെ ഘടനാപരിവർത്തനമോ വീക്കമോ മൂലമാണ് മൈഗ്രേൻ ഉണ്ടാകുന്നത്. സെറോട്ടോണിൻ എന്ന സവിശേഷ രാസപദാർഥത്തിന്റെ അഭാവം മൂലം തലയോട്ടിയിലെ രക്തക്കുഴലുകൾ സമൂലമായി വികസിക്കുന്നു.
ധമനികൾ വികസിക്കുന്പോൾ അവയെ ആവരണം ചെയ്തിരിക്കുന്ന വേദനവാഹികളായ നാഡീതന്തുക്കൾ ഉത്തേജിക്കപ്പെടുകയും തീവ്രമായ തലവേദനയുണ്ടാകുകയും ചെയ്യുന്നു. കൊടിഞ്ഞിക്ക് മുന്നോടിയായി ഉണ്ടാകുന്ന സവിശേഷ പ്രോഡ്രോമും ഓറയും ഈ രോഗാവസ്ഥയുടെ പ്രത്യേകതയാണ്.
വെട്ടിത്തിളങ്ങുന്ന പ്രകാശരശ്മികൾ, ശബ്ദം നിറഞ്ഞ അന്തരീക്ഷം കൂടാതെ മനോസംഘർഷം, ആർത്തവം, ഉറക്കക്ഷീണം, മദ്യം, ചോക്ലേറ്റ്, നിർജലീകരണം എന്നിവയെല്ലാം പല അവസരങ്ങളിൽ മൈഗ്രേന്റെ ഉദ്ദീപനത്തിന് ഹേതുവാകുന്നു.
മൈഗ്രേനും കാഴ്ചയും
ഒഫ്താൽമോപ്ലോജിക് മൈഗ്രേൻ മൂലം നേത്രങ്ങളിൽ വേദനയും ഒപ്പം ഛർദിയുമുണ്ടാകുന്നു.
കൊടിഞ്ഞി കൂടിയാൽ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധം അടഞ്ഞുപോകും. കണ്ണുകൾക്കു ചുറ്റുമുള്ള പേശികൾക്ക് തളർച്ചയും വീക്കവുമുണ്ടാകുന്നു. ഒന്നോ രണ്ടോ ദിവസങ്ങൾ തലവേദന ദീർഘിക്കാം.
മൈഗ്രേൻ കണ്ണുകളെ ബാധിക്കുന്നതോടൊപ്പം വിവിധ നേത്രരോഗങ്ങളും കൊടിഞ്ഞിയുണ്ടാകുന്നതിന് കാരണമാകുന്നു. ഇഡിയോപതിക് ഇൻട്രാക്രേനിയൻ ഹൈപ്പർടെൻഷൻ എന്ന അവസ്ഥയിൽ കഠിനമായ കണ്ണുവേദനയുണ്ടാകാം. ഒപ്പം തലവേദനയും.
മൈഗ്രേനു മുന്നോടിയായി
കൂടാതെ മൈഗ്രേനു മുന്നോടിയായി ഉണ്ടാകുന്ന ഒരു അനുഭവത്തെ തുടർന്നു കാഴ്ചയ്ക്ക് തകരാർ അനുഭവപ്പെടുന്നു. കാഴ്ച കുറയുക, കണ്ണിൽ ഇരുട്ട് പടരുക, പലതരം വിസ്മയകരമായ കാഴ്ചകൾ കാണുക ഇവയൊക്കെ വിഷ്വൽ ഓറയുടെ സവിശേഷതകളാണ്.
കൂടാതെ ട്രൈജെമിനൽ ഓട്ടേടെമിക് റ്റെഫാൻജിയ എന്ന തലവേദനയോടൊപ്പം ഉണ്ടാകുന്ന രോഗാവസ്ഥയിൽ ഒരു വശത്തെ കണ്ണിന്ചുവപ്പുനിറമുണ്ടാകുകയും കണ്ണുനീർ ധാരധാരയായി ഒഴുകുകയും ശക്തമായ വേദനയുണ്ടാകുകയും ചെയ്യുന്നു.