മയ്യിൽ(കണ്ണൂർ): കൊളച്ചേരി കരിങ്കൽകുഴിയിലെ വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ കൂവേരി ആലത്തട്ട് സ്വദേശി വിവേകി (36) നെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടി മയ്യിൽ പോലീസിനെ ഏല്പിക്കുകയായിരുന്നു.
വിവേക് സഞ്ചരിച്ച ഓട്ടോയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിൽ മയ്യിൽ, തളിപ്പറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. നേരത്തെ ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗങ്ങൾ സംഭവസ്ഥലത്ത് വന്ന് അന്വേഷണം നടത്തിയിരുന്നു.
പ്രതി സഞ്ചരിച്ച ഓട്ടോ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയതിന് സോഷ്യൽ മീഡിയകളിൽ മയ്യിൽ പോലീസിന് ബിഗ് സല്യൂട്ട് ലഭിച്ചു തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് കരിങ്കൽ കുഴിയിൽ വച്ച് വീട്ടമ്മയെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ച വാർത്ത ലോകം അറിഞ്ഞത്. സാരമായ വെട്ടുകളേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു അവരപ്പോൾ.
ഉടൻ തന്നെ അവരെ കമ്പിലിലെ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലേക്കും മാറ്റി ജീവൻ രക്ഷിച്ചതിൽ മുന്നിൽ നിന്നത് മയ്യിൽ പോലീസ് തന്നെ. അക്രമിക്കപ്പെട്ട വീട്ടമ്മയെ രക്ഷിക്കാനുള്ള ദൗത്യം മുന്നിൽ നിന്നും ഏറ്റെടുത്ത് ചെയ്യുമ്പോഴും പ്രാഥമികമായ തെളിവുകൾ ഒന്നു പോലും ചോർന്നു പോകാതെ ശേഖരിച്ചു കഴിഞ്ഞിരുന്നു പോലീസപ്പോൾ.
തേങ്ങ പറിക്കാനുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ട് ഇന്നലെ രാവിലെ മുതൽ വീടുകൾ തോറും ഒരു യുവാവ് ഓട്ടോയിൽ വന്ന് കയറിയിറങ്ങിയതായി പല വീട്ടുകാരും പറഞ്ഞതോടെ അന്വേഷണം ആ വഴിക്ക് ആരംഭിക്കാൻ അധിക സമയം വേണ്ടി വന്നില്ല. കൂടാതെ പ്രതി സംഭവത്തിനു ശേഷം സ്വന്തം ഓട്ടോയിൽ രക്ഷപ്പെട്ടതായും മനസിലാക്കിയതോടെ ഓട്ടോയുടെ വിവരങ്ങൾ കൂടി പ്രദേശവാസികളിൽ നിന്നും ശേഖരിച്ച പോലീസിന് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി.
അപ്പോഴേക്കും കണ്ണൂരിൽ നിന്നും ഉള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തിയിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം തന്നെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയും പ്രതിയെ വലയിലാക്കാൻ മയ്യിൽ എസ്ഐ മുരളീധരനും സംഘത്തിനും സാധിച്ചു. ഈ അക്രമ വാർത്ത അറിഞ്ഞതോടെ ഒരു നാട് തന്നെ ഭീതിയിലാവുകയായിരുന്നു.