പത്തനംതിട്ട: മൈലപ്രയിൽ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനായ വ്യാപാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. ഇന്നലെ വൈകിട്ടാണ് 73 കാരനായ ജോർജ് ഉണ്ണുണ്ണിയെ കടയുടെ അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ജോർജിന്റെ കൊച്ചുമകനാണ് മൃതദേഹം കണ്ടത്. വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ ജോർജിനെ കണ്ടെത്തിയത്.
വിവരം ഉടൻ തന്നെ പോലീസിൽ അറിയിച്ചു. കട പോലീസ് സീല്‍ ചെയ്തു. കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിൽ കിടന്ന മാലയും നഷ്ടപ്പെട്ടു. സ്ഥാപനത്തിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് കാണാതായിട്ടുണ്ട്.
വ്യാപാരിയുടെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചു. പത്തനംതിട്ട എസ്പി വി അജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. രണ്ട് ഡിവൈഎസ്പിമാർക്ക് അന്വേഷണ ചുമതല നൽകി. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തും.