സാമന്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ഏതാനും ദിവസങ്ങൾക്കു മുന്പ് തന്റെ രോഗാവസ്ഥ വ്യക്തമാക്കി നടി തന്നെ രംഗത്തെത്തിയത്.
പേശീ വീക്കം എന്നറിയിപ്പെടുന്ന മയോസിറ്റിസ് എന്ന രോഗമാണ് തനിക്ക് പിടിപെട്ടതെന്നായിരുന്നു നടി വ്യക്തമാക്കിയത്. ചികിത്സയിൽ തുടരുകയാണെന്നും പെട്ടെന്ന് തന്നെ തിരിച്ച് വരാനാകുമെന്ന പ്രതീക്ഷയും നടി പങ്കുവച്ചിരുന്നു.
അതിനിടെ സാമന്തയെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നു. എന്നാൽ പ്രചരിക്കുന്നത് വെറും അഭ്യൂഹം മാത്രമാണെന്നും നടിക്ക് നിലവിൽ യാതൊരു കുഴപ്പവുമില്ലെന്നും നടിയോടടുത്ത വൃത്തങ്ങൾ പറഞ്ഞു.
സാമന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത തെറ്റാണ്. അത് അടിസ്ഥാന രഹിതമായ റിപ്പോർട്ടാണ്. നടി വീട്ടിൽ സുഖമായിരിക്കുന്നു. എന്നാണ് സാമന്തയുടെ സ്പോക്ക് പേഴ്സൺ ഒരു ദേശീയമാധ്യമത്തോടു പ്രതികരിച്ചത്.
കഴിഞ്ഞ ഒരു മാസത്തോളമായി സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു സാമന്ത. യു എസിൽ വെച്ചാണ് നടിയുടെ ചികിത്സകൾ നടന്നതെന്നായിരുന്നു തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
മാസങ്ങൾക്ക് മുന്പ് തന്നെ രോഗം കണ്ടുപിടിക്കാൻ സാധിച്ചിരുന്നുവെന്നും രോഗം അൽപം ഭേദമായതിനുശേഷം ആരാധകരോട് വിവരം പങ്കുവയ്ക്കാമെന്നുമാണ് താൻ കരുതിയതെന്നുമായിരുന്നു സാമന്തയുടെ ആദ്യ പോസ്റ്റ്.
രോഗം ശമിക്കാൻ സമയമെടുക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും എന്നാൽ രോഗം പൂർണമായും ഭേദമാകുമെന്നും ഡോക്ടർമാർ തനിക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും സാമന്ത പറഞ്ഞിരുന്നു.
തന്റെ പുതിയ ചിത്രമായ യശോദയുടെ ട്രെയിലർ വന്നതിന് പിന്നാലെ തന്റെ ആരോഗ്യ സ്ഥിതി വിശദീകരിച്ച് സാമന്ത രംഗത്തെത്തിയിരുന്നു. ജീവന് ഭീഷണി നേരിടുന്ന ഒരു അവസ്ഥയിലൂടെയല്ല താൻ കടന്ന് പോകുന്നതെന്നായിരുന്നു സാമന്ത പറഞ്ഞത്.”
എന്റെ ജീവൻ അപകടത്തിൽ അല്ല. അത്തരത്തിലുള്ള നിരവധി ലേഖനങ്ങൾ താൻ കണ്ടിരുന്നു. ഇതുവരെ ഞാൻ മരിച്ചിട്ടില്ല. മാധ്യമങ്ങൾ നൽകുന്ന അത്തരത്തിലുള്ള തലക്കെട്ടുകൾ ആവശ്യമാണെന്ന് കരുതുന്നില്ലെന്നായിരുന്നു സാമന്ത പറഞ്ഞത്.