കോഴിക്കോട്: ബാത്ത്റൂം ഉപയോഗിക്കുന്നതുമായി ബന്ധപെട്ട് മൈസൂരുവിൽ കേരള ആർടിസി ജീവനക്കാർക്ക് ക്രൂര മർദനം. കോഴിക്കോട് ഡിപ്പോയിലെ വി.വിജയൻ, എ. ബാബുരാജ്, മാനന്തവാടി ഡിപ്പോയിലെ മുഹമ്മദ് മുസ്തഫ എന്നിവർക്കാണ് കർണാടക ആർടിസി ജീവനക്കാരിൽ നിന്ന് മർദനമേറ്റത്. ഇന്ന് രാവിലെ ഡിപ്പോയിലെ ബാത്റൂം ഉപയോഗിക്കാനെത്തിയ വിജയനെ കർണാടക ആർടിസിയിലെ ജീവനക്കാർ തടയുകയായിരുന്നു. മലയാളി ജീവനക്കാർ കർണ്ണാടക ആർടിസിയുടെ ബാത്റൂം ഉപയോഗിക്കേണ്ടന്ന നിലപാടിലായിരുന്നു ജീവനക്കാർ. ഇത് ചോദ്യംചെയ്ത വിജയനെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഇരുന്പ് ദണ്ഡ്കൊണ്ട് മുഖത്ത് കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു. വിജയനെ ആക്രമിക്കുന്നതുകണ്ട് തടയാൻ ചെന്നതാണ് കണ്ടക്ടറായ ബാബുരാജും മുഹമ്മദ് മുസ്തഫയും. കാലങ്ങളായി മൈസൂരു സ്റ്റാൻഡിൽ കേരള ആർടിസിയുടെ ജീവനക്കാർ വലിയ അവഗണനയാണ് നേരിടുന്നത്. ഇന്നു രാവിലെ മൈസൂരിൽ നിന്ന് കോഴിക്കോടേക്ക്് പോയ ബസിലെ ഡ്രൈവറായിരുന്നു വിജയൻ. മർദനമേറ്റ മൂന്നുപേരെയും മൈസൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയാളി ജീവനക്കാർക്ക് മൈസൂരു സ്റ്റാൻഡിൽ സ്റ്റേ റൂം പോലൂം അനുവദിച്ചിട്ടില്ല. ജീവനക്കാർ വാഹനങ്ങളിൽ തന്നെയാണ് കഴിഞ്ഞുകൂടുന്നത്. കേരള ആർടിസിയുടെ വാഹനങ്ങൾ ആളെയെടുക്കാനല്ലാതെ മൈസൂർ സ്റ്റാൻഡിൽ കയറാൻ പാടില്ലെന്നുള്ള നിലപാടാണ് കർണാടക ആർടിസി ജീവക്കാർക്കുള്ളത്. സ്റ്റേ ചെയ്യുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു സ്റ്റാൻഡിന് പുറത്താണ്.എന്നാൽ കേരളത്തിലെ കർണാടക ആർടിസിയുടെ വാഹനങ്ങൾ കേരളത്തിലെ 17 സ്റ്റാൻഡുകൾ ഉപയോഗിക്കുന്നുണ്ട്. ഇവിടെയെല്ലാം തന്നെ സ്റ്റാൻഡിനുള്ളിൽ വാഹനങ്ങൽ പാർക്ക് ചെയ്യാനും ജീനവനക്കാർക്ക് സ്റ്റേ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മൈസൂർ സ്റ്റാൻഡിൽ മലയാളി ജീവനക്കാർ ബാത് റൂം സൗകര്യങ്ങൽ മാത്രമേ ഉപയോഗിക്കാറുള്ളുവെന്ന് ജീവനക്കാർ പറഞ്ഞു. കെഎസ്ആർടിസി വർക്കേഴ്സ് യൂണിയൻ, ഡ്രൈവേഴ്സ് യൂണിയൻ, സിഐടിയു എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അക്രമത്തിനെതിരേ കോഴിക്കോട് മാവൂർ കഐസ്ആർടിസി ടെർമിനലിൽ പ്രതിഷേധ പ്രകടനം നടത്തി. കേരള ആർടിസി ജീവനക്കാരുടെ സുരക്ഷ കേരള ആർടിസി മാനേജ്മെൻറും കർണാടക ആർടിസിയും ഉറപ്പുവരുത്തണമെന്ന് ട്രേഡ് യൂണിയൻ നേതാകളായ ടി. നൗഷാദ്, വി.എസ്. സിന്ധുകുമാർ, ടി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് കർണാടക ബസുകൾ ഇന്ന് രാവിലെ മുതൽ സ്റ്റാൻഡിൽ തടഞ്ഞിട്ടു.