കോഴിക്കോട്: ഭർത്താവ് നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വയനാട് വെള്ളമുണ്ട സ്വദേശി യാച്ചേരി വീട്ടിൽ ഫസീല(22)യെയാണ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിച്ചത്. ആസിഡ് കുടിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റിട്ടുണ്ട്. അന്നനാളവും മറ്റും പൊള്ളലേറ്റ് ചുരുങ്ങിയ നിലയിലാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഫസീല മൈസൂർ കല്യാണത്തിന്റെ ഇരയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 31ന് രാത്രിയാണ് ഫസീലയെ ഭർത്താവ് പുങ്കു നൂറുള്ള ബംഗളൂരുവിലെ ഹൗറള്ളിസ്ട്രീറ്റിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ വച്ച് ആസിഡ് കുടിപ്പിച്ചത്. രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നുവെന്ന് മെഡിക്കൽ കോളജ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
വീട്ടിൽ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന കുപ്പിയിൽ നേരത്തെ ആസിഡ് നിറച്ചുവച്ച ഭർത്താവ് തന്നെ നിർബന്ധിച്ച് കുടിപ്പിച്ചതാണെന്നും പരാതിയിൽ പറയുന്നു. രണ്ട് വർഷം മുന്പാണ് ഇവർ തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം ഫസീലയുടെ സ്വർണാഭരണമെല്ലാം പുങ്കു നൂറുള്ള വീട് വയ്ക്കാനെന്ന വ്യാജേന കൈക്കലാക്കിയിരുന്നു. വീടുപണി തുടങ്ങാതിരുന്നതിനാൽ ഫസീലയും ബന്ധുക്കളും ഇതേക്കുറിച്ച് നൂറുള്ളയോട് നിരന്തരമായി ചോദിച്ചിരുന്നു.
ഇതേ തുടർന്ന് ഭർത്താവ് തന്നെ മർദിക്കാൻ തുടങ്ങിയിരുന്നതായും ഫസീലയുടെ പരാതിയിൽ പറയുന്നു. മിക്ക ദിവസങ്ങളിലും ഇതേചൊല്ലി വീട്ടിൽ തർക്കം പതിവായിരുന്നുവെന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ 31ന് രാത്രി അത്തരം സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളമെന്ന വ്യാജേന നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയാണുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തെ തുടർന്ന് ഫസീലയെ ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് ഫസീലയെ നാട്ടിലെത്തിച്ചതും തുടർന്ന് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് വൈകുന്നേരം വയനാട് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്താൻ മെഡിക്കൽ കോളജിൽ എത്തുമെന്ന് പോലീസ് അറിയിച്ചു.