മുക്കം : കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ഭാഗത്ത് മൈസൂര്‍മലയുടെ ചുറ്റുഭാഗങ്ങളില്‍ അനധികൃത ക്വാറി മാഫിയ പ്രവര്‍ത്തനം സജീവം. 600 ഹെക്ടര്‍ വാട്ടര്‍ഷെഡ്ഡ് പ്രദേശത്ത് തണ്ണീര്‍ത്തടങ്ങളും തോടുകളും ഗതിമാറ്റിയും തടസ്സപ്പെടുത്തിയുമാണ് റവന്യു, ജിയോളജി അധികാരികളുടെ ഒത്താശയോടെ നിയമംലംഘിച്ച്വ്യാപകമായ പാറഖനനം നടക്കുന്നത് .
ഏകദേശം 300 ഏക്കറോളം സ്ഥലം ഇപ്രകാരം ക്വാറി മാഫിയ കയ്യടക്കിയിട്ടുണ്ട്. രംഗശേഷ ഹില്‍സില്‍ വരുന്ന 732 ഏക്കര്‍ മിച്ചഭൂമിയില്‍ വ്യാപകമായ കയ്യേറ്റം നടന്നിട്ടും അധികാരികള്‍ ആലസ്യം വിട്ടുണര്‍ന്നിട്ടില്ല. പുലര്‍ച്ചെ മുതല്‍ നേരം ഇരുട്ടുവോളം തോട്ടുമുക്കം പ്രദേശത്ത് കല്ലുമായി പോകുന്ന ടിപ്പറുകളുടെ ചീറിപ്പാച്ചിലാണ്.
26 ചെറുകിട തോടുകള്‍ ചേര്‍ന്ന് രൂപപ്പെട്ട പെരുവമ്പൊയില്‍ വലിയ തോടിന്റെ നിലനില്‍പ്പ് തന്നെ ഇതോടെ അവതാളത്തിലായിരിക്കുകയാണ്. മാത്രമല്ല സ്ഥലത്ത് മലയിടിച്ചിലും മണ്ണൊലിപ്പുംകാരണം മൈസൂര്‍മല താഴോട്ട്പോകാന് അധികകാലം വേണ്ടിവരില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാജരേഖകള്‍ ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടെ കയ്യേറിയാണ് ഇവിടെ ക്വാറിമാഫിയയുടെ തേരോട്ടം. വേനലില്‍ ജലസ്രോതസ്സുകള്‍ പലതും വറ്റിവരളുകയും പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാവുകയും പതിവാണ്. അരുവികള്‍ പലതും ഇപ്പോള്‍തന്നെ വറ്റിവരണ്ട അവസ്ഥയാണ്.
ക്വാറിയില്‍ വലിയ സ്ഫോടനങ്ങള്‍ നടക്കുന്നതിനാല്‍ പ്രദേശത്തെ വീടുകളില്‍ വിള്ളലുള്‍പ്പെടെ കേടുപാടുകളുണ്ടാകുന്നത് പതിവാണ്. കല്ലുപൊടി കുത്തിയൊലിച്ചെത്തി പെരുവമ്പൊയില്‍ തോട് ഏറെക്കുറെ നികന്നുതുടങ്ങിയതായി ഗ്രാമവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
2001-മുതലാണ് തോട്ടുമുക്കം ഭാഗത്ത് ക്വാറികള്‍ സ്ഥാപിച്ചുതുടങ്ങിയത്. പാറഖനനം മൂലം ദുരിതംപേറുന്ന പ്രദേശവാസികള്‍ കര്‍മ്മസമിതിയുണ്ടാക്കി മുന്‍കാലങ്ങളില്‍ ക്വാറി മാഫിയയ്ക്കെതിരെ രംഗത്ത് വന്നെങ്കിലും പണംവാരിയെറിഞ്ഞും ഗുണ്ടാഭീഷണിയിലൂടെയും ഇതെല്ലാം പൊളിച്ചു.
രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമുള്‍പ്പെടെ പങ്കാളിത്തതോടെയാണിവിടെ ക്വാറികളും ക്രഷറുകളും നടത്തുന്നതെന്നാണ് ആക്ഷേപം. സ്ഥലത്തെ ഒരു പ്രമുഖ ജനപ്രതിനിധിയാണ്ക്വാറി മാഫിയയെ വഴിവിട്ട് സഹായിക്കുന്നതെന്ന് ആരോപണമുണ്ട്.
ഇടതു-വലതു വ്യത്യാസമില്ലാതെ ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളും ഇവിടെ നിലനില്‍ക്കുന്നത് തന്നെ ക്വാറിമാഫിയയുടെ അച്ചാരം വാങ്ങികൊണ്ടാണ്. അതുകൊണ്ടുതന്നെ ക്വാറിമാഫിയക്കെതിരേ ഒരക്ഷരം മിണ്ടാന്‍ ആരും തയ്യാറല്ല.യാതൊരു വിധത്തിലുമുള്ള പാരിസ്ഥിതിക ആഘാതപഠനം നടത്താതെയാണ് മൈസൂര്‍ മല പൊട്ടിച്ചുതള്ളുന്നത്. 600 ഹെക്ടറില്‍ വാട്ടര്‍ഷെഡായി പ്രഖ്യാപിച്ച സ്ഥലത്ത് എങ്ങനെ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും അനുമതി ലഭിച്ചെന്ന് കാര്യം ഇപ്പോഴും അവ്യക്തമാണ്.