ബംഗുളൂരു: സോഷ്യൽമീഡിയയിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചയാളെ അറസ്റ്റ് ചെയ്യാൻ വൈകിയെന്നാരോപിച്ച് പോലീസ് സ്റ്റേഷൻ ആക്രമിച്ച് ജനക്കൂട്ടം. കർണാടക മൈസൂരുവിലെ ഉദയഗിരി പോലീസ് സ്റ്റേഷനുനേരേ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.
അക്രമാസക്തമായ ജനക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയും പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾക്കു കേടുപാടുവരുത്തുകയും ചെയ്തു. ആക്രമണത്തിൽ ഏഴ് പോലീസുകാർക്കു പരിക്കേറ്റു.
സംഘർഷമുണ്ടാക്കിയവരെ പിടികൂടാൻ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നിലവിൽ സ്ഥിതി ശാന്തമാണെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) ഹിതേന്ദ്ര അറിയിച്ചു.
സോഷ്യൽ മീഡിയ പോസ്റ്റിനെത്തുടർന്നാണ് ബഹളം പൊട്ടിപ്പുറപ്പെട്ടതെന്ന് നരസിംഹരാജയിലെ കോൺഗ്രസ് എംഎൽഎ തൻവീർ സെയ്ത് പറഞ്ഞു. ജനക്കൂട്ടം കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് ലാത്തി ചാർജ്ജ് നടത്തേണ്ടിവന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.