അന്യഗ്രഹജീവികളെയും പറക്കുംതളികകളെയും കുറിച്ചുള്ള വാര്ത്തകള് ആളുകള്ക്ക് എന്നും കൗതുകമുള്ളവയാണ്.
അടുത്തിടെ ഇത്തരത്തിലുള്ള ധാരാളം വാര്ത്തകള് പുറത്തു വരുന്നുണ്ട്. ഏറ്റവും പുതുതായി ഏറെ വിചിത്രമായ ഒരു സംഭവത്തിനാണ് കഴിഞ്ഞദിവസം അലാസ്കയിലെ ജനങ്ങള് സാക്ഷ്യം വഹിച്ചത്.
അലാസ്കയിലെ ലേസി മലനിരകള്ക്ക് മുകളിലായി രൂപപ്പെട്ട വിചിത്ര ആകൃതിയിലുള്ള മേഘമാണ് പുതിയ ചര്ച്ചകള്ക്ക് വഴിമരുന്നിട്ടത്.
വെള്ളി നിറത്തിലുള്ള മേഘം നീളത്തില് ഒരു കുഴല് പോലെയാണ് കാണപ്പെട്ടത്. ഏറെ ദൂരം വ്യാപിച്ചുകിടക്കുന്ന മേഘത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പലരും പകര്ത്തിയിരുന്നു.
ഇവ വൈറലായതോടെ അതിന്റെ കാരണം എന്തെന്നായി പിന്നീടുള്ള ചര്ച്ചകള്. പറക്കും തളിക ഭൂമിക്കു സമീപത്തുകൂടി കടന്നു പോയതോ ഭൂമിയിലേക്കെത്തിയതോ ആണോ എന്നതായിരുന്നു പലരുടേയും ആശങ്ക.
എന്നാല് മറ്റു ചിലരാവട്ടെ മിസൈലോ ഉല്ക്കയോ പതിച്ചതാവാം എന്ന അനുമാനത്തിലെത്തി. സൈന്യം രഹസ്യ ആയുധം പരീക്ഷിച്ചതാണോയെന്നും വിമാനം തകര്ന്നുവീണതാണോയെന്ന തരത്തിലും വരെ ചര്ച്ചകള് എത്തി.
വിചിത്ര മേഘത്തെക്കുറിച്ചുള്ള ചര്ച്ചകള് സജീവമായതോടെ അലാസ്കയിലെ പോലീസ് സേനയും അലാസ്ക റെസ്ക്യൂ കോര്ഡിനേഷന് സെന്ററും ആ മേഖലയില് വിമാനാപകടങ്ങള് നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
രക്ഷാ ദൗത്യസേന ഹെലികോപ്റ്ററില് മലനിരകള്ക്കു മുകളിലൂടെ പലയാവര്ത്തി പറന്ന് പരിശോധനകള് നടത്തുകയായിരുന്നു. എന്നാല് എയര്ക്രാഫ്റ്റ് അപകടങ്ങളൊന്നും നടന്നതിന്റെ തെളിവുകള് ലഭിച്ചില്ല.
വീണ്ടും പറക്കും തളികയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചര്ച്ചകള് ഉയര്ന്നതോടെ ഉദ്യോഗസ്ഥര് കൃത്യമായ കാരണവും ഒടുവില് കണ്ടുപിടിച്ചു.
ആ സമയത്ത് മലനിരകള്ക്കു മുകളിലൂടെ കടന്നു പോയ വലിയ ഒരു കൊമേഴ്ഷ്യല് ജെറ്റില് നിന്നു പുറത്തുവന്ന പുകയാണ് ഇത്രയധികം ആശങ്കകള് പരത്തിയത്.
എയര്ക്രാഫ്റ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം സംഭവസമയത്ത് ജെറ്റ് ആ മേഖലയില് കൂടി കടന്നു പോയതായി ഉറപ്പിക്കുകയായിരുന്നു.
ന്യൂയോര്ക്കിലെ ജോണ് എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു ജെറ്റ്.
സൂര്യോദയ സമയത്തെ പ്രകാശം മൂലം ജെറ്റില് നിന്നുള്ള പുക പ്രത്യേക നിറത്തില് കാണപ്പെട്ടതാവാം ആശങ്കകള്ക്ക് വഴിവച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാലും ഇത് വിശ്വസിക്കാത്ത ആളുകളുമുണ്ട് എന്നതാണ് വസ്തുത.