തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനുശേഷം ചില തമിഴ് മാധ്യമങ്ങളില്‍ മരണത്തില്‍ ദുരൂഹതയുള്ളതായി വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ കൂടുതല്‍ മാധ്യമങ്ങള്‍ ജയയുടെ നിഗൂഡമായ രോഗത്തെക്കുറിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ നല്കുന്നു. ചിലരെങ്കിലും കരുതുന്നുണ്ട് ജയയുടെ മരണം കൊലപതാകമാണെന്ന്. നീണ്ട 72 ദിവസം ആശുപത്രിയില്‍ കിടന്നിട്ടും തലൈവിയെ കാണാന്‍ ആര്‍ക്കും സാധിക്കാതിരുന്നതും സംശയങ്ങള്‍ക്ക് ഇടനല്കുന്നു. ജയയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് വാദിക്കുന്നവര്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇതൊക്കെയാണ്.
1. രണ്ടുമാസം മുമ്പു വരെ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതിരുന്ന ജയയ്ക്ക് പെട്ടെന്ന് മാരകരോഗം ബാധിക്കുന്നതെങ്ങനെ. മുഖ്യമന്ത്രിയെന്ന നിലയിലും അല്ലാതെയും എല്ലാ ആഴ്ച്ചകളിലും വിദഗ്ധ ഡോക്ടര്‍മാര്‍ ജയയെ പരിശോധിച്ചുകൊണ്ടിരുന്നതാണ്. ജയ പെട്ടെന്ന് രോഗിയായി മാറിയതെങ്ങനെ.
2. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 75 ദിവസങ്ങളില്‍ ഒരിക്കല്‍പ്പോലും ജയയുടെ ചിത്രമോ വീഡിയോയോ പുറംലോകം കണ്ടിട്ടില്ല. തോഴി ശശികലയ്ക്കല്ലാതെ മറ്റാര്‍ക്കും അവരെ കാണാനുമായിട്ടില്ല. എന്തുകൊണ്ടാണ് ജയയെ അദൃശ്യയാക്കി നിര്‍ത്തിയത്.
3. ജയ ആരോഗ്യം വീണ്ടെടുത്തെന്നും ഭക്ഷണം പതിവുപോലെ കഴിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ട് വന്ന് രണ്ടുദിവസത്തിനുശേഷമാണ് അവരുടെ മരണം പ്രഖ്യാപിക്കുന്നത്. അവര്‍ ആരോഗ്യം വീണ്ടെടുത്തെന്നു പറഞ്ഞപ്പോള്‍ പോലും ഒരു ചിത്രം പുറത്തുവിട്ടില്ല.
4. നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ജയയാണെന്ന് പാര്‍ട്ടിനേതൃത്വവും ശശികലയും പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇവര്‍ പറയുന്നതല്ലാതെ മറ്റാര്‍ക്കും വ്യക്തതയുമില്ല.
5. ജയ ആശുപത്രിയിലായശേഷം മുഖ്യമന്ത്രിയുടെയും പാര്‍ട്ടി അധ്യക്ഷയുടേതുമായ ലെറ്റര്‍പാഡുകളില്‍ അവരുടെ ഒപ്പോടുകൂടിയ നിര്‍ദേശങ്ങള്‍ വന്നിരുന്നു. ഇതൊക്കെ മുന്‍കൂട്ടി തയാറാക്കി വച്ചിരുന്നതാകാം.
6. ബന്ധുക്കളുമായി ജയ അടുപ്പത്തിലല്ലായിരുന്നെങ്കിലും അവരുമായി ശത്രുതയിലായിരുന്നില്ല. എന്നിട്ടും ആശുപത്രിയില്‍ രക്തബന്ധമുള്ള ബന്ധുക്കളെ അടുപ്പിച്ചില്ല. സഹോദരീപുത്രന് അവരെ കാണാനായത് മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ മാത്രമാണ്. ഇതില്‍ ദുരൂഹതയില്ലേ. ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് കാലമാണ് തെളിയിക്കേണ്ടത്.