ദുരൂഹ രോഗം ബാധിച്ച് കെനിയയിലെ 100 ഓളം സ്കൂൾ വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാകമേഗ പട്ടണത്തിലെ എറെഗി ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനികൾക്ക് കാൽമുട്ട് വേദനയും നടക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു.
പെൺകുട്ടികൾ നടക്കാൻ ബുദ്ധിമുട്ടുന്നതായും കാലിന് തളർച്ച അനുഭവപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് മാസ് ഹിസ്റ്റീരിയ ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സ്കൂളിലൂടെ പെൺകുട്ടികൾ നടക്കാൻ ബുദ്ധിമുട്ടുന്ന വീഡിയോ എക്സിൽ വൈറലാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്കൂൾ സന്ദർശിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് രക്ഷിതാക്കളെ അറിയിച്ചു. മറ്റ് വിദ്യാർഥികൾക്ക് ക്ലാസുകൾ സാധാരണപോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രക്തം, മൂത്രം, മലം എന്നിവയുടെ സാമ്പിളുകൾ കിസുമു, നെയ്റോബി എന്നിവിടങ്ങളിലെ ലബോറട്ടറികളിലേക്ക് അയച്ചു. സാമ്പിളിന്റെ ഫലം ഈ ആഴ്ച അവസാനം വരും.