പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ ഘാതകന് വധശിക്ഷ വിധിച്ചെങ്കിലും നിഗൂഡതകള്‍ ഇനിയും പുറത്തുവന്നിട്ടില്ലെന്നാണ് സഹപാഠികളായിരുന്നവര്‍ പറയുന്നത്. ജിഷയുടെ കൊലപതാകം വെറുമൊരു കേസായി പോകേണ്ടതായിരുന്നു. എന്നാല്‍ എറണാകുളം ലോകോളജിലെ സഹപാഠികളാണ് ജിഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തുന്നത്. രാഷ്ട്രദീപിക ദിനപത്രമാണ് അന്ന് ആദ്യമായി ഈ വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നതും പിന്നീട് മറ്റു മാധ്യമങ്ങളും സംഘടനകളും വിഷയം ഏറ്റെടുക്കുന്നതും.
അമിറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചശേഷം ജിഷയുടെ കൂട്ടുകാരായിരുന്നവര്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങളിലും യഥാര്‍ഥ കൊലയാളി ഇനിയും നിയമത്തിന്റെ നോട്ടത്തിന് പുറത്താണ്. ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ അന്ന് കേസന്വേഷിച്ചിരുന്ന പെരുമ്പാവൂര്‍ സിഐയെ നേരില്‍ക്കണ്ട് സംസാരിച്ച കാര്യം അന്ന് ആക്ഷന്‍കമ്മിറ്റിയെ നയിച്ച ഷാജഹാന്‍ ഓര്‍ത്തെടുത്തു. ജിഷ മരിച്ചുകിടക്കുന്ന കാര്യം അമ്മ രാജേശ്വരി കണ്ടത് വീടിന്റെ ജനാലയിലൂടെയാണ് എന്നായിരുന്നു സിഐ അന്ന് എന്നോട് പറഞ്ഞത്.
പക്ഷേ, വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ജിഷയുടെ കൈവശം ഒരു പെന്‍ ക്യാമറ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അതിനെക്കുറിച്ച് പിന്നൊന്നും പറഞ്ഞു കേട്ടില്ല. തലയിണക്ക് ചുവട്ടില്‍ വാക്കത്തി സൂക്ഷിച്ചിരുന്ന ജിഷയ്ക്ക് ഇത്തരമൊരു അനുഭവം വന്നതെങ്ങനെയെന്നും മനസിലാക്കാനാകുന്നില്ല. വീടിന് പുറത്ത് മഴയും വെയിലുമേറ്റ് കിടന്നിരുന്ന ചെരുപ്പില്‍ നിന്നാണ് ജിഷയുടെ രക്തത്തിന്റെ അംശം കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. ഈ പൊരുത്തക്കേടുകള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. ജിഷ ആരെയൊക്കെയോ ഭയപ്പെട്ടിരുന്നതായി കൂട്ടുകാര്‍ പറയുന്നു. പലപ്പോഴും ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോഴെല്ലാം അവള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ജിഷയ്‌ക്കൊപ്പം പഠിച്ചിരുന്നവര്‍ എല്ലാവരും ഇന്ന് അഭിഭാഷകരാണ്.