മൈസൂരു പീഡനക്കേസിലെ പ്രതികളുടെ മൊഴി ഞെട്ടിക്കുന്നത്. പെണ്‍കുട്ടി തങ്ങള്‍ക്കെതിരെ പരാതി നല്‍കില്ലെന്ന വിശ്വാസമാണ് ക്രൂരകൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മൈസൂരില്‍ വെച്ച് മുമ്പും സമാനമായ പല കുറ്റകൃത്യങ്ങളും ചെയ്തിട്ടുണ്ട്. ഇതിലൊന്നും ആരും ഇതുവരെ തങ്ങള്‍ക്കെതിരെ പരാതി ഉണ്ടായിട്ടില്ലെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.
കുറ്റകൃത്യം ചെയ്താലും ആരും പരാതിപ്പെടില്ല എന്നത് കണക്കിലെടുത്താണ് മൈസൂരിനെ സുരക്ഷിത നഗരമായി തങ്ങള്‍ കണ്ടത്.
ഇവിടെ വെച്ച് തങ്ങള്‍ നടത്തിയ കുറ്റകൃത്യങ്ങളില്‍ ഇതുവരെ പരാതി ഉണ്ടായിട്ടില്ല. അതുപോലെ ഈ പെണ്‍കുട്ടിയും പരാതി നല്‍കില്ലെന്നാണ് വിചാരിച്ചതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ സംഭവം ദേശീയ തലത്തില്‍ വാര്‍ത്തയായതോടെ, കര്‍ണാടക ഡിജിപി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണ മേല്‍നോട്ടം ഏറ്റെടുക്കുകയുമായിരുന്നു.
തുടര്‍ന്ന് സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ അഞ്ചുപേരെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. കേസില്‍ ഉള്‍പ്പെട്ട ആറാമനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
മഹാരാഷ്ട്ര സ്വദേശിനിയായ എംബിഎ വിദ്യാര്‍ത്ഥിനിയാണ് ഓഗസ്റ്റ് 24ന് മൈസൂരുവിലെ ചാമുണ്ഡി ഹില്‍സിലെ ഒളൊഴിഞ്ഞ പ്രദേശത്തു വെച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയായത്.
ആണ്‍സുഹൃത്തിനെ ആക്രമിച്ച ശേഷമായിരുന്നു പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടി മെന്റല്‍ ട്രോമയിലായതിനാല്‍ മൊഴി രേഖപ്പെടുത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
രണ്ടു വര്‍ഷം മുമ്പ് ഒരു സ്ത്രീയുടെ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്.
ഫോണ്‍ കവര്‍ച്ച ചെയ്യപ്പെട്ടെന്നും, സിം വീണ്ടെടുത്ത് നല്‍കണമെന്നുമാണ് സ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
പ്രതികളില്‍ ഒരാള്‍ ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഫോണിന്റെ ഐഎംഇഐ നമ്പര്‍ ട്രേസ് ചെയ്താണ് പൊലീസ് പ്രതികളെ കുടുക്കിയത്.
പ്രതികളിലൊരാള്‍ കാമുകിയുടെ അച്ഛനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മറ്റൊരാള്‍ കാമുകിമാര്‍ വഞ്ചിച്ചതിനെത്തുടര്‍ന്ന് സൈക്കോപാത്തായി മാറുകയും നിരവധി പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
റോഡ് കൊള്ളയും ലൈംഗിക അതിക്രമങ്ങളുമടക്കം നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതായും പ്രതികള്‍ സമ്മതിച്ചു.