കണ്ണൂർ: അസമിലെ ജോർഹട്ടിൽ നിന്നും അരുണാചൽപ്രദേശിലെ മേടുകയിലേക്ക് പറക്കുന്പോൾ കാണാതായ വ്യോമസേനയുടെ എഎൻ-32 വിമാനത്തിൽ കണ്ണൂർ സ്വദേശിയും. അഞ്ചരക്കണ്ടി കുഴിന്പാലോട് പി.കെ. പവിത്രന്റെ മകൻ എൻ.കെ. ഷരിനാണ് കാണാതായ വിമാനത്തിൽ ഉള്ളത്. ഷരിനും വിമാനത്തിലുള്ളതായി നാലുദിവസം മുന്പാണ് വ്യോമസേന അഞ്ചരക്കണ്ടിയിലെ വീട്ടിൽ അറിയിക്കുന്നത്.
തെരച്ചിൽ നടക്കുന്നതായി മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കപ്പുറം ഇതു സംബന്ധിച്ച് മറ്റു വിവരങ്ങളൊന്നും വീട്ടുകാർക്കു ലഭിച്ചിട്ടില്ല. കാടിനു മുകളിലൂടെയുള്ള യാത്രയ്ക്കിടെയാണ് വിമാനം കാണാതായതെന്ന കാര്യം മാത്രമാണ് നേരിയ പ്രതീക്ഷ നൽകുന്നത്. ആശ്വാസകരമായ വിവരത്തിനായി വ്യോമസേനയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്കും ജനപ്രതിനിധികളുമായും സുഹൃത്തുക്കളുമായുമെല്ലാം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവർ.
ഏഴു വർഷം മുന്പാണ് ഷരിൻ വ്യോമസേനയിൽ ചേർന്നത്. 2017 മേയ് മുതൽ അരുണാചലിലെ മേചുക വ്യോമത്താവളത്തിലാണു ജോലി. ജോർഹട്ടിൽ നിന്നു മേചുകയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷരിൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വിമാനം കാണാതായത്. മോശം കാലാവസ്ഥ കാരണം മേചുകയിലേക്കുള്ള യാത്ര കുറച്ചുദിവസമായി മാറ്റി കാത്തിരിക്കുകയായിരുന്നു.
കാലാവസ്ഥ അനുകൂലമെന്നു തോന്നിയ മൂന്നിന് ഉച്ചയ്ക്ക് 12.27ന് ജോർഹട്ടിൽനിന്നു പുറപ്പെട്ട് അരമണിക്കൂറിനു ശേഷം കാണാതാവുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഷരിന്റെ വിവാഹം. അഷിതയാണ് ഭാര്യ. മാർച്ചിൽ അവധിക്കു നാട്ടിൽ വന്ന ഷരിൻ ഒരു മാസം മുന്പാണ് തിരിച്ചുപോയത്. തെരച്ചിലിന്റെ വിശദാംശങ്ങൾ തേടി മേചുകയിലും ജോർഹട്ടിലുമുള്ള ഷരിന്റെ സഹപ്രവർത്തകരുമായും വീട്ടുകാർ ബന്ധപ്പെടുന്നുണ്ട്.