കോട്ടയം: തീവ്രവാദ സംഘടനകളിൽനിന്ന് ഭീഷണിയെത്തിയെന്ന പരാതിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതികളിൽ ഒരെണ്ണം പിൻവലിച്ചു. പരാതിക്കൊപ്പം നൽകിയ നന്പറുകളിലൊന്ന് ബിജെപി പ്രവർത്തകന്റേതാണെന്നു കണ്ടെത്തിയതോടെയാണു പരാതി പിൻവലിച്ചത്.
തന്നെ ഭീഷണിപ്പെടുത്തി വിളിച്ച നന്പറുകൾ പരാതിക്കൊപ്പം എൻ. ഹരി ജില്ലാ പോലീസ് മേധാവിക്കു കൈമാറിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മൊബൈൽ നന്പറുകളിൽ ഒന്നു ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിലാണെന്നും അതു ബിജെപി അനുഭാവിയുടേതാണെന്നും പോലീസ് കണ്ടെത്തുന്നത്. അതിനെ തുടർന്നാണ് ഗാന്ധിനഗർ സ്റ്റേഷനിൽനിന്നും പരാതി പിൻവലിച്ചത്.
ഭീഷണി വന്ന നന്പറുകൾ എഴുതി നൽകിയതിൽ സംഭവിച്ച തെറ്റുമൂലമാണ് ബിജെപി പ്രവർത്തകന്റെ നന്പറും പരാതിയിൽ ഉൾപ്പെട്ടത്. അതു മനസിലാക്കിയപ്പോൾ ഗാന്ധിനഗറിലെ പരാതി മാത്രം പിൻവലിച്ചു. മറ്റു പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് എൻ. ഹരി പറഞ്ഞു.