തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരിനെ തുടർന്ന് സസ്പെൻഷനിൽ കഴിയുന്ന എൻ. പ്രശാന്തിന്റെ പരാതിയിൽ നേരിട്ട് ഹിയറിംഗ് നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച നേരിട്ട് ഹാജരായി പ്രശാന്തിന് പറയാനുള്ള കാര്യങ്ങൾ ഉന്നയിക്കാൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രേഖാമൂലം പ്രശാന്തിന് കത്ത് നൽകി.
തനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാതെ ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്ന് പ്രശാന്ത് ആരോപിച്ചിരുന്നു. കൂടാതെ തനിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷണം നടത്തിയതിന്റെ റിപ്പോർട്ട് പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറുപടി കൊടുത്തിരുന്നില്ല. ഇതേ തുടർന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പ്രശാന്ത് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിന്റെ പരാതിയിൽ നേരിട്ട് ഹിയറിംഗ് നടത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചത്.മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലക്, ഗോപാലകൃഷ്ണൻ എന്നിവരെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന ആരോപണത്തിലും പരാതിയിലുമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.