തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ശാരദ മുരളീധരനു മുന്നില്‍ ഹിയറിംഗിനു ഹാജരായ എന്‍. പ്രശാന്ത് ഹിയറിംഗിൽ പറഞ്ഞ കാര്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചു. താനിതുവരെ സർക്കാരിനെതിരെ ഒരു കേസും കൊടുത്തിട്ടില്ലെന്നും കേസുകൊടുക്കാനുള്ള സാഹചര്യം ഒരുക്കരുതെന്നും പ്രശാന്ത് പറയുന്നു.
ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്ത്തിവച്ച് അതിന്റെ പേരിൽ 2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞുവച്ച തന്റെ പ്രമോഷൻ ഉടനടി നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രശാന്ത് ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുതെന്നും കുറിക്കുന്നു.
ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണമെന്നും ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും ഒരു മാധ്യമത്തിനുമെതിരേ ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ സൃഷ്ടിക്കലും സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണമെന്നും ആവശ്യപ്പെടുന്ന എൻ.പ്രശാന്ത് ഇവയൊന്നും പരിഹരിക്കാതെ തന്റെ സസ്പെൻഷൻ തിരക്കിട്ട് പിൻവലിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും കൂട്ടിച്ചേർക്കുന്നു.
ചട്ടങ്ങളും നിയമങ്ങളും സർക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവർത്തിച്ചിട്ട് “ന്നാ താൻ പോയി കേസ് കൊട്” എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ലെന്നും എൻ.പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെ ചീഫ് സെക്രട്ടറിയുടെ ചേംബറിലായിരുന്നു ഹിയറിംഗ്. പ്രശാന്തിന്റെ പല വിശദീകരണങ്ങളിലും ചീഫ് സെക്രട്ടറിക്ക് തൃപ്തി വന്നിട്ടില്ലെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു പ്രശാന്തിനോടു നേരിട്ടു വിശദീകരണം തേടാന്‍ ചീഫ് സെക്രട്ടറി തീരുമാനിച്ചത്. ഹിയറിംഗ് ലൈവായി നടത്തണമെന്ന എന്‍.പ്രശാന്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി തള്ളിയിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരേ സമൂഹമാധ്യമം വഴി നിരന്തരം വിമര്‍ശനം നടത്തിയതിനാണ് കൃഷിവകുപ്പു സ്പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത്.