തിരുവനന്തപുരം: വിവാദമായ ഐഎസ് ചേരിപ്പോരിനെ തുടർന്ന് ആറു മാസമായി സസ്പെൻഷനിൽ കഴിയുന്ന ഐഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആകാംക്ഷയുണർത്തുന്നു. “ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്ന ഒറ്റവരി മാത്രമാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. കൊഴിഞ്ഞ റോസാ ദളങ്ങളുടെ ചിത്രവും ഇതോടൊപ്പം ഉണ്ട്. ഇതോടെ ഇതേപ്പറ്റിയുള്ള ഊഹാപോഹങ്ങളും പ്രചരിച്ചു.
സിവിൽ സർവീസിൽ നിന്ന് രാജി വയ്ക്കാനുള്ള നീക്കമാണ് പ്രശാന്ത് നടത്തുന്നതെന്നാണ് ഒരു അഭ്യൂഹം. അതേസമയം ഏപ്രിൽ ഫൂൾ പ്രാങ്കാണോ എന്ന ചോദ്യവും ചിലർ കമന്റ് ബോക്സിൽ ഉന്നയിക്കുന്നുണ്ട്. പ്രശാന്ത് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നതിനാൽ ഈ പോസ്റ്റും ഗൗരവമായ എന്തിനെയോ സൂചിപ്പിക്കുന്നുവെന്നാണ് പലരും കരുതുന്നത്.
അഡീഷണൽ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതിന്റെ പേരിലാണ് എൻ. പ്രശാന്ത് ഐഎഎസിനെ സർവീസില് നിന്ന് സസ്പെൻഡ് ചെയ്തത്.
ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നും സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറയുന്നു. തുടർന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശാന്തിന് കുറ്റാരോപിത മെമ്മോ നൽകിയിരുന്നുവെങ്കിലും ഇതിനു മറുപടി നൽകാതെ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് കത്തുകൾ നൽകുകയാണ് ചെയ്തത്.