ദിവസേന ഉറക്കമുണരുമ്പോൾ ജനിക്കുകയും, രാത്രി മരണസമാനമയ നിദ്രയിലേക്ക് ലയിക്കുകയും ചെയ്യുന്ന നമ്മൾ ജീവിച്ചതിന്റെ വാർഷിക കണക്കെടുപ്പിനായി കുറിച്ചിട്ട ഒരു ദിവസം കൂടി അങ്ങനെ കഴിഞ്ഞു.
നിത്യനിദ്രയിലേക്കുള്ള പ്രയാണത്തിന് ആശംസ അറിയിച്ച എല്ലാവർക്കും നന്ദി.
ഓരോ പിറന്നാളും പ്രായം കൂട്ടുന്നു. പക്ഷേ, വിവരവും പക്വതയും കൂടണമെന്നില്ല. കൂടിയപോലെ തോന്നിക്കാൻ ഇങ്ങനെ ഒരു പോസ്റ്റിടാമെന്ന് വച്ചു.
ജീവിതം പകുതിയോ, കാലോ, അതോ മുക്കാലോ തീർന്നോ എന്ന് അറിയില്ല. ഇന്ന് ഇത് വായിക്കുന്ന നിങ്ങളും ഞാനും ജീവിച്ചിരിക്കുന്നു -ആ ഒരു റിയാലിറ്റി മാത്രം ഉണ്ട്.
ബാക്കി എല്ലാം വെറും ബർത്ത് ഡേ “വിഷസ്’ മാത്രം. (ബുജി ഫീൽ കിട്ടിയവർക്ക് ലൈക്ക് അടിച്ച് സ്ഥലം വിടാം. തൃപ്തിയാകാത്തവർ തുടർന്ന് വായിക്കുക)
എല്ലാവർഷവും നൂറുകണക്കിന് പുതിയ മനുഷ്യരെ പരിചയപ്പെടുന്നു. ചിലർ എന്തുകൊണ്ട് നേരത്തെ ജീവിതത്തിൽ വന്നില്ല എന്നോർത്ത് പോകും, വേറെ ചിലർ എന്തിന് വന്ന് കേറിയെന്നും.
ചിലർ വന്നപോലെ പോകും, ചിലർ ജീവിതം ഉഴുത് മറിച്ചിട്ട് പോകും. ചിലർ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തും. ചിലർ പാഠം പഠിപ്പിച്ചിട്ട് പോകും.
ചിലരാകട്ടെ, ഒരു കാര്യവുമില്ലാതെ നമ്മളെ ചൊറിയും. ചുരുക്കിപ്പറഞ്ഞാൽ ഇവരൊക്കെ നമുക്ക് പല റേഞ്ച് അനുഭവങ്ങൾ സമ്മാനിക്കുന്നു.
കുറ്റപ്പെടുത്തലുകളെ ലേശം പേടിയുണ്ടെങ്കിലും, രണ്ടും കൽപ്പിച്ച് പുതുമയ്ക്ക് നിന്നുകൊടുക്കലും, മനുഷ്യരെ തുടർന്നും കണ്ണടച്ച് വിശ്വസിക്കാൻ ശ്രമിക്കലും, ലാവിഷായി തെറ്റുകൾ പറ്റുന്നതും-തിരുത്തുന്നതും,
വേണ്ടിവന്നാൽ മോങ്ങിക്കരയുന്നതും, പുതിയ അനുഭവങ്ങളെ ഏറ്റുവാങ്ങുന്നതും, പണി കിട്ടുമ്പോൾ കണ്ടം വഴി ഓടലും ഒക്കെയാണ് ഈയുള്ളവന്റെ ജീവിതത്തിന്റെ ത്രിൽ.
വിജയമെന്നും പരാജയമെന്നും ന്യൂട്രൽ എന്നും പൊതുവേ ഡിഫൈൻ ചെയ്യപ്പെടുന്ന അനുഭവങ്ങളിലൂടെ ഒരു പ്രയാണം. തെറ്റുകളുടെയും, പരാജയങ്ങളുടെയും,
നഷ്ടങ്ങളുടെയും തട്ട് താണിരുന്നാൽ അനുഭവങ്ങളുടെ ക്വാളിറ്റി ഒന്നാന്തരമായിരിക്കും. എന്നത്തെയുംപോലെ ഈ വർഷവും വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും തട്ട് താണുതന്നെയായിരുന്നു;
അനുഭവങ്ങളുടെ ക്വാളിറ്റി ഒന്നാന്തരമായിരുന്നു. അവ സമ്മാനിച്ച ഓരോരുത്തർക്കും നന്ദി. അവരറിയുന്നില്ല, അവർക്കെന്നെ ഇഷ്ടമല്ലെങ്കിലും, ഇക്കാരണത്താൽ എനിക്കവരെ എത്ര ഇഷ്ടമാണെന്ന്.
ഇതുവരെയുള്ള പരീക്ഷണ നിരീക്ഷണങ്ങളും, അനുഭവങ്ങൾ സമ്മാനിച്ച അറിവുകളും “ലൈഫ്ബോയിൽ’ രേഖപ്പെടുത്തി ഈ ബോയി അനന്തമജ്ഞാതമായ ആഴക്കടലിലേക്ക് സന്തോഷത്തോടെ കുറച്ചൂടെ മുന്നോട്ടുപോയി. കടലിൽ ചാടാൻ കൂടെ കൂടിയവർക്ക് നന്ദി.
(ജന്മദിന ചിന്തകൾ പങ്കുവച്ച് എൻ. പ്രശാന്ത് ഐഎഎസ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽനിന്ന്)