നൂറുരൂപ പോലും വിലയില്ലാത്ത കണ്ണട! പക്ഷേ ധരിച്ചയാളുടെ മഹത്വം കാരണം കറന്‍സി നോട്ടില്‍ വരെ ഇടംപിടിച്ചു; സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍

സര്‍ക്കാര്‍ ചെലവില്‍ വില കൂടിയ കണ്ണട വാങ്ങിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്. ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണടയുടെ ചിത്രം ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ എന്‍ എസ് മാധവന്‍ വിമര്‍ശിച്ചത്. വളരെ വിലകുറഞ്ഞ കണ്ണാടി. മെഡിക്കല്‍ റിഇംബര്‍സ്‌മെന്റായി നൂറ് രൂപ പോലും കിട്ടില്ല. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറന്‍സി നോട്ടില്‍ വരെ കയറി. എന്നാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് അന്‍പതിനായിരത്തോളം രൂപ വില വരുന്ന കണ്ണട വാങ്ങിയതാണ് ഇക്കഴിഞ്ഞദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്ത ഏറ്റവും വലിയ വിവാദം. വിവരാവകാശ രേഖ പ്രകാരം 49900 രൂപയാണ് സ്പീക്കറുടെ കണ്ണടയുടെ വില. അതിന് മുമ്പ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും വിലകൂടിയ കണ്ണടയും പേരില്‍ വിവാദത്തില്‍ പെട്ടിരുന്നു. 28,800 രൂപയായിരുന്നു ഷൈലജ ടീച്ചറുടെ കണ്ണടയുടെ വില.

Related posts