ഇടതുപക്ഷത്തിന്റെ കോട്ടകളില് ഒന്നായി കരുതപ്പെട്ടിരുന്ന ആലത്തൂര് മണ്ഡലത്തില് യുഡിഎഫ് സ്ഥാനാര്ഥി രമ്യ ഹരിദാസ് നേടിയ അട്ടിമറി വിജയം സിപിഎമ്മിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 15,8968 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് ആലത്തൂരില് വിജയിച്ചത്. ഈ അവസരത്തില് എ വിജയരാഘവനെ പരിഹസിച്ചു കൊണ്ട് എന് എസ് മാധവന് രംഗത്തെത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്കിടയില് രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന് നടത്തിയ അശ്ലീല പരാമര്ശം വലിയ വിവാദങ്ങള്ക്ക് വഴിതെളിച്ചിരുന്നു. ‘എ വിജയരാഘവന് ഈ വീടിന്റെ ഐശ്വര്യം. ആലത്തൂരില് ഒരു വീട്ടില് പ്രത്യക്ഷപ്പെടാവുന്ന ബോര്ഡ്’- എന്നാണ് എന് എസ് മാധവന് ട്വിറ്ററില് കുറിച്ചത്. നിരവധി ആളുകളാണ് എന് എസ് മാധവന്റെ ട്വീറ്റിന് താഴെ കമന്റുകളുമായി സജീവമായത്. രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്റെ പരാമര്ശം സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രമുഖര് രമ്യയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
"എ വിജയരാഘവൻ ഈ വീടിന്റെ ഐശ്വര്യം"
ആലത്തൂരിൽ ഒരു വീട്ടിൽ പ്രത്യക്ഷപ്പെടാവുന്ന ബോർഡ്
— N.S. Madhavan این. ایس. مادھون (@NSMlive) May 23, 2019
സംഭവത്തില് വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. ‘സ്ഥാനാര്ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള് പറയാനാവില്ല’- ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്. പൊന്നാനിയില് ഇടതു മുന്നണി പൊതുയോഗത്തിലെ എ വിജയരാഘവന്റെ പ്രസംഗം ദളിത് വിഭാഗത്തില് പെട്ട പെണ്കുട്ടിയെന്ന നിലയില് തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കിയെന്നാണ് രമ്യ ഹരിദാസ് പൊലീസില് പരാതി നല്കിയിരുന്നത്. എന്തായാലും വിജയരാഘവന്റെ പരാമര്ശവും രമ്യയ്ക്ക് വോട്ടു കൂടാന് ഇടയാക്കിയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്. കഴിഞ്ഞ തവണ 37312 വോട്ടിന്റെ ഭൂരിപക്ഷത്തില് പി കെ ബിജു ജയിച്ച മണ്ഡലത്തില് ഒന്നര ലക്ഷത്തിനു മുകളില് ലീഡ് നേടിയാണ് രമ്യ പാര്ലമെന്റിലേക്കുള്ള സീറ്റുറപ്പിച്ചത്.