കൂത്തുപറമ്പ്: യൂത്ത് കോൺഗ്രസ് നേതാവിനെ ഒരു സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തി. വീട്ടുകാർ ബഹളം വെച്ചപ്പോൾ ഓടി രക്ഷപ്പെടുന്നതിനിടെ ഒരാൾ പിടിയിൽ.
മറ്റൊരാൾ കിണറ്റിൽ വീണു.ഇന്നലെ രാത്രി 11 ഓടെ ചെറുവാഞ്ചേരിക്കടുത്ത് പൂവത്തൂർ കണ്ണാടി വെളിച്ചത്താണ് സംഭവം.
യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി.അമൽ ജിത്തി (25) ന്റെ വീട്ടിലാണ് നാലംഗ സംഘം ആയുധങ്ങളുമായി എത്തിയത്.
വീട്ടുകാർ ബഹളം വെച്ചതിനാൽ ഇവർ ഓടി രക്ഷപ്പെടുന്നതിനിടയിലാണ് സംഘത്തിലുണ്ടായ പൂവ്വത്തൂരിലെ പ്രണവ് (25) വീടിനു സമീപത്തെ പൊട്ടക്കിണറ്റിൽ വീണത്.
സ്ഥലത്തെത്തിയ ഫയർഫോഴ്സാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കണ്ടിയൻ മുക്കിലെ സൗരവിനെ (26)യാണ് നാട്ടുകാർ പിടികൂടിയത്.ഇരുവരെയും കണ്ണവം പോലീസ് കസ്റ്റഡിയിലെടുത്തു.
യൂത്ത് കോൺഗ്രസ് നേതാവ് റോബർട്ട് വെള്ളം വെള്ളിയെ ഒരു സംഘം തടഞ്ഞുവെച്ചിട്ടുണ്ടെന്ന് അറിയിച്ചാണ് സംഘം അമൽ ജിത്തിന്റെ വീട്ടിൽ എത്തിയത്.
വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും കണ്ണവം പോലീസ് അറിയിച്ചു.
യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് വൈസ് പ്രസിഡൻറ് സി.പി.അമൽജിത്തിനു നേരെ നടന്ന അക്രമത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ചെറുവാഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.കെ.അശോകൻ ആവശ്യപ്പെട്ടു.