തിരുവനന്തപുരം: തൃപ്തി ദേശായി ശബരിമലയിൽ ദർശനത്തിന് എത്തുമെന്ന കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു. തൃപ്തി ദേശായിയെ തിരിച്ചയക്കാൻ ആവശ്യപ്പെട്ടിട്ടില്ല. പുതിയ സുപ്രീംകോടതി വിധിയിൽ അവ്യക്തത ഉണ്ട്. അതിനാൽ ശബരിമല യുവതി പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് നിലപാട് സ്വീകരിച്ചിട്ടില്ല. ഈ കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും എൻ.വാസു പറഞ്ഞു.
ക്രമസമാധാന പ്രശ്നം ഉണ്ടായാൽ നേരിടേണ്ടത് പോലീസാണെന്നും വാസു പറഞ്ഞു. ശബരിമലയിൽ തീർഥാടനം സമാധാനപരമായാണ് നടക്കുന്നത്. അവിടെ ശാന്തമായ അന്തരീക്ഷം നില നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യുവതി പ്രവേശനം അനുവദിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞു മാറി. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് എൻ.വാസു ഇക്കാര്യം വ്യക്തമാക്കിയത്.