വടകര: പയ്യോളി മനോജ് വധത്തിൽ സിപിഎം നേതാക്കൾ ഉൾപെടെയുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തത് യഥാർഥ പ്രതികളെ സംരക്ഷിക്കുക എന്ന പാർട്ടി നേതൃത്വത്തിന്റെ വക്രബുദ്ധിക്കേറ്റ കനത്ത തിരിച്ചടിയാണന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു.
നിരപരാധികളായ പാർട്ടി പ്രവർത്തകരെ കൊണ്ട് കൊലക്കുറ്റം ഏറ്റുപറയിച്ച സിപിഎം നേതൃത്വം യഥാർഥ കൊലയാളികളെ അറസ്റ്റ് ചെയ്തപ്പോൾ ഹർത്താൽ നടത്തുന്നതിന് പകരം പാർട്ടി അണികളോടും ജനങ്ങളോടും മാപ്പ് പറയുകയാണ് വേണ്ടത്. സംസ്ഥാനത്ത് സിപിഎം നേതാക്കൾ പ്രതിസ്ഥാനത്ത് വന്ന മിക്ക കൊലക്കേസുകളിലും യഥാർഥ പ്രതികളെ മറച്ച് വെച്ച് ഡമ്മികളെ കോടതിയിൽ എത്തിച്ച് കേസ് ദുർബലപ്പെടുത്തുകയാണ് പതിവ്.
സിപിഎമ്മിന്റെ ഈ വക്രബുദ്ധിക്കേറ്റ തിരിച്ചടിയാണ് ജില്ലാക്കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള പ്രമുഖരെ സിബിഐ അറസ്റ്റ് ചെയ്തത് വഴി വന്നു ചേർന്നത്. നിരപരാധികൾ ജയിലിലായപ്പോൾ ഒരു പ്രതിഷേധവും സ്വീകരിക്കാതിരുന്ന നേതൃത്വം ഇപ്പോൾ വികാരം കൊള്ളുന്നത് സിബിഐ അന്വേഷണം കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതിന്റെ തെളിവാണെന്നും വധ ഗൂഡാലോചനയിൽ പങ്കുള്ള മറ്റു നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സിബിഐ തയ്യാറാകണമെന്നും വേണു പ്രസ്താവനയിൽ പറഞ്ഞു.